കരുതല്‍ തടങ്കല്‍ പാളയവും, സി.എ.എ ഭേദഗതി നിയമവും: സത്യവും മിഥ്യയും

പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് കരുതല്‍ തടങ്കല്‍ പാളയങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്ന് ബി.ജെ.പി നേതാവിന്റെ പ്രസ്താവന ഭയപ്പെടുത്തുകയാണ്. എന്തുകൊണ്ടാണ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ സി.എ.എ നിയമത്തിനെതിരേ ശക്തമായ നിലപാടെടുക്കുന്നതെന്ന് ഈ ഒരു പ്രസ്താവന തന്നെ കാണിച്ചു തരുന്നുണ്ട്. ഹിന്ദു മുസ്ലീം വര്‍ഗീയതയുടെ ഏറ്റവും ഉര്‍ന്ന തലം കൂടിയാണിത്. എന്നാല്‍, കേരളത്തില്‍ പൗരത്വ നിയമവുമായി ബന്ധപ്പെട്ട് കരുതല്‍ തടങ്കല്‍ പാളയം നിര്‍മ്മിച്ചിട്ടുണ്ടോ. 

കേരള സര്‍ക്കാര്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഒരു വശത്ത് പറയുകയും മറുവശത്ത്, ഇതിനെതിരേ സമരം ചെയ്യുന്നവര്‍ക്കെതിരേ കേസെടുക്കുകയും, കരുതല്‍ തടങ്കല്‍ പാളയം നിര്‍മ്മിക്കുകയും ചെയ്യുന്നുവെന്ന ആക്ഷേപം ഉയരുന്നുണ്ട്. പിണറായി സര്‍ക്കാരിന്റെ നിലപാടെന്താണ്. സി.എ.എ നടപ്പാക്കാന്‍ ഒരുങ്ങിയിരിക്കുകയാണോ. അതോ സി.എ.എ നടപ്പാക്കാരിതിക്കാന്‍ ശക്തമായ നിലപാടുമായി മുന്നോട്ടു പോവുകയാണോ. ഇതാണ് ജനങ്ങള്‍ക്കറിയേണ്ടത്. ഇതിന്റെ സത്യവും മിഥ്യയും എന്താണ്. 

കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും 2019ല്‍ ഒരു മോഡല്‍ ഡിറ്റന്‍ഷന്‍ സെന്റര്‍ / ഹോള്‍ഡിംഗ് സെന്റര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട മാനുവല്‍ അയച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ‘മാതൃക കരുതല്‍ തടങ്കല്‍ പാളയം’ മാര്‍ഗ്ഗ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ കൊല്ലം കൊട്ടിയത്ത് ഒരു ട്രാന്‍സിറ്റ് ഹോം/തടങ്കല്‍ കേന്ദ്രം തുടങ്ങി. 2022 നവംബര്‍ 21നാണ് അത് പ്രവര്‍ത്തനം ആരംഭിച്ചത്. ഹൈക്കോടതിയും നിര്‍ദ്ദേശിച്ചിരുന്നു. അനധികൃതമായി രാജ്യത്തേക്ക് കടന്ന വിദേശികള്‍ക്കും നാടുകടത്തല്‍ (ഡീ പോര്‍ട്ട്) കാത്തിരിക്കുന്ന വിദേശികള്‍ക്കും വിസ കാലാവധി കഴിഞ്ഞവര്‍ക്കും താമസസൗകര്യം ഒരുക്കുന്നതിനാണ് ഈ ട്രാന്‍സിറ്റ് ഹോം. 

ഒരു മാസത്തിനകം സ്ഥാപിച്ചില്ലെങ്കില്‍ ആഭ്യന്തര-വിജിലന്‍സ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും സാമൂഹിക നീതി വകുപ്പ് സെക്രട്ടറിയും 2022 നവംബര്‍ 23ന് കോടതിയില്‍ ഹാജരാകണമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തിലാണ് ട്രാന്‍സിറ്റ് ഹോം തുടങ്ങിയതിന്റെ വിശദാംശങ്ങള്‍ ഉള്ളത്. 2019ലെ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനില്‍ മൂന്ന് എം പിമാര്‍ ഡിറ്റെന്‍ഷന്‍ സെന്ററുകള്‍ സംബന്ധിച്ച ചോദ്യം പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു. കേരളത്തില്‍ നിന്നുള്ള ടി.എന്‍. പ്രതാപന്‍ എം.പി ആയിരുന്നു ഇതില്‍ ഒരു ചോദ്യകര്‍ത്താവ്. കേന്ദ്ര നിര്‍ദ്ദേശവും, ഹൈക്കോടതിയുടെ ഇടപെടലും കേരളത്തില്‍ ഡിറ്റെന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കാന്‍ കാരണമായി. 

കേരളത്തില്‍ വിവിധ കേസുകളില്‍പ്പെടുന്ന വിദേശികള്‍ ജാമ്യം ലഭിച്ചിട്ടും ജയിലില്‍ തന്നെ കഴിയേണ്ടി വരുന്നത് ഡിറ്റെന്‍ഷന്‍ സെന്ററുകള്‍ ഇല്ലാത്തതിനാല്‍ ആണെന്നായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. ഡിറ്റെന്‍ഷന്‍ സെന്റര്‍ എന്ന ആവശ്യം ഉന്നയിച്ച് നൈജീരിയന്‍ പൗരന്‍ ഒലോറുമെമി ബെഞ്ചമിന്‍ ബാബ ഫെമി സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കേരള ഹൈക്കോടതി കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്. വിദേശികള്‍ക്കായി തടങ്കല്‍ കേന്ദ്രം സ്ഥാപിക്കാത്തതിനാല്‍ ജാമ്യം ലഭിച്ചിട്ടും ജയിലില്‍ കഴിയുന്നത് ചൂണ്ടിക്കാണിച്ചായിരുന്നു ഹര്‍ജി. 

സെന്‍ട്രല്‍ ജയില്‍ ഒഴികെയുള്ള ഏതെങ്കിലും തടങ്കല്‍ കേന്ദ്രം വ്യക്തമാക്കാന്‍ ഫോറിനേഴ്‌സ് റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസറോട് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നിരവധി വിദേശ പൗരന്മാര്‍ തടങ്കല്‍ കേന്ദ്രം സ്ഥാപിക്കാത്തതിനാല്‍ കാത്തിരിക്കുകയാണെന്നും അവര്‍ ഇപ്പോള്‍ മറ്റ് സാധാരണ തടവുകാര്‍ക്കൊപ്പം ജയിലിനുള്ളില്‍ കഴിയുകയാണെന്നുമായിരുന്നു കേസില്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചത്. 

പ്രസ്തുത വിദേശികളില്‍ കുട്ടികളും ഉള്ളതിനാല്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച്, അവരെ കഴിയുന്നത്ര വേഗത്തില്‍ തടങ്കല്‍ കേന്ദ്രത്തില്‍ പാര്‍പ്പിക്കണമെന്ന നിലപാടായിരുന്നു കേന്ദ്രത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്റേത്. വാദങ്ങളെല്ലാം പരിഗണിച്ച് അതനുസരിച്ച്, രണ്ട് മാസത്തിനുള്ളില്‍ കേന്ദ്ര സര്‍ക്കാരിന്റെ വ്യവസ്ഥകള്‍ അനുസരിച്ച് തടങ്കല്‍ കേന്ദ്രം സ്ഥാപിക്കാന്‍ സംസ്ഥാനത്തോട് ഹൈക്കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. കമാലുദ്ദീന്‍ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കൊട്ടിയം മയ്യനാട് എന്ന പ്രദേശത്തെ 32 സെന്റിലുള്ള സ്ഥലത്തെ കെട്ടിടത്തിലാണ് ഡിറ്റെന്‍ഷന്‍ സെന്റര്‍ ആരംഭിച്ചതെന്നാണ് സാമൂഹ്യനീതി വകുപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

പൊതുമരാമത്ത് വകുപ്പ് നിരക്കില്‍ ഇളവ് വരുത്തി 11 മാസത്തേക്ക് 1,10,000 രൂപ നിരക്കില്‍ സ്ഥലം, കെട്ടിടം, പുറമ്പോക്ക് എന്നിവ വാടകയ്ക്ക് നല്‍കുന്നതിന് 2022 നവംബര്‍ 2ന് സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ കെട്ടിട ഉടമയുമായി കരാര്‍ ഒപ്പിടുകയും കെട്ടിടം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം അനുവദിച്ച 50 ലക്ഷം രൂപയില്‍ നിന്ന് ആവര്‍ത്തന ചെലവുകള്‍ക്കായി സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ കൊല്ലം ജില്ലാ സാമൂഹ്യക്ഷേമ ഓഫീസര്‍ക്ക് 20 ലക്ഷം അനുവദിച്ചതായും സത്യവാങ്മൂലം ചൂണ്ടിക്കാണിച്ചിരുന്നു.

തൃശൂര്‍ പോലീസിന്റെ കസ്റ്റഡിയിലുണ്ടായിരുന്ന താത്കാലിക ട്രാന്‍സിറ്റ് ഹോമിലെ നാല് അന്തേവാസികളെ നവംബര്‍ 22ന് പുലര്‍ച്ചെ 4 മണിക്ക് കൊട്ടിയത്തേക്ക് മാറ്റുകയും ചെയ്തു. ഇതാണ് ഡിറ്റെന്‍ഷ സെന്ററിന്റെ സത്യം. ബി.ജെ.പി നേതാവും,  കോണ്‍ഗ്രസ് നേതാവും പറയുന്ന കൊല്ലത്തുള്ള തടങ്കല്‍ പാളയം സി.എ.എ നടപ്പാക്കുന്നതിന്റെ ഭാഗമായുള്ളതല്ല. ഇതാണ് മിഥ്യ. അത് സ്ഥാപിച്ചതും, അതിന്റെ ലക്ഷ്യവും ഇവര്‍ വളച്ചൊടിച്ചാണ് ജനങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിച്ചത്. അതിന് പൗരത്വ ഭേദഗതി നിയമവുമായി ഒരു ബന്ധവുമില്ല.