ന്യൂഡല്‍ഹി: കർഷക റാലിയെ പിന്തുണച്ചും കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശിച്ചും മുതിർന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ. ബ്രിട്ടീഷുകാർക്കൊപ്പം നിന്നവരുടെ പിന്മുറക്കാര്‍ ഭരണഘടനയുടെ മൂല്യങ്ങള്‍ക്ക് ഭീഷണിയായി തീര്‍ന്നിരിക്കുകയാണെന്ന് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്‌തു. റിപ്പബ്ലിക് ദിനത്തിലാണ് പ്രശാന്ത് ഭൂഷന്റെ വിമർശനം.
ചരിത്രപരമായ ഡൽഹിയിലെ കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ച് സര്‍ക്കാരിന്റെ റിപ്പബ്ലിക് ദിനാഘോഷങ്ങളേക്കാള്‍ മുന്നിട്ടുനില്‍ക്കുമെന്ന് നിസ്സംശയം പറയാം. നമ്മുടെ കര്‍ഷകര്‍ നമ്മുടെ റിപ്പബ്ലിക് തിരിച്ചുപ്പിടിക്കുന്നതിനുള്ള പ്രക്രിയക്ക് തുടക്കം കുറിച്ചിരിക്കുകയാണെന്നും പ്രശാന്ത് ഭൂഷണ്‍.
ധീരരായ എത്രയോ പേര്‍ പങ്കെടുത്ത നമ്മുടെ മഹത്തായ സ്വാതന്ത്ര്യസമരത്തെയും അങ്ങനെ അവര്‍ മഹത്തായ ഭരണഘടനയോടു കൂടെ അവര്‍ രൂപം കൊടുത്ത റിപ്പബ്ലികിനെയും ഈ റിപ്പബ്ലിക് ദിനത്തില്‍ ഓർമ്മിപ്പിക്കുകയാണ്. അന്ന് ബ്രിട്ടീഷുകാർക്കൊപ്പം നിന്നവരുടെ പിന്മുറക്കാര്‍ ഇന്ന് ഈ മൂല്യങ്ങള്‍ക്കെല്ലാം ഭീഷണിയായി തീര്‍ന്നിരിക്കുകയാണെന്നും പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.
അതേസമയം, കർഷകരുടെ റാലി ഡൽഹിയിലേക്ക് കടന്നു. പോലീസ് ബാരിക്കേഡുകൾ മറികടന്നാണ് കർഷകരുടെ ട്രാക്ടറുകൾ ഡൽഹിയിലേക്ക് നീങ്ങുന്നത്. രണ്ട് ലക്ഷം ട്രാക്ടറുകൾ പങ്കെടുക്കുമെന്നാണ് കർഷക സംഘടനകൾ അറിയിക്കുന്നത്.