ലക്‌നോ: ആഭരണ വ്യാപാരിയെ കൊള്ളയടിച്ച സംഭവത്തിൽ നിർണായ ട്വിസ്റ്റ്. കേസന്വേഷണം പുരോഗമിച്ചപ്പോൾ പിടിയിലായത് നാല് പൊലീസുകാർ. ഉത്തർപ്രദേശിലാണ് സംഭവം. ബസ്തി പൊലീസ് സ്റ്റേഷനിലെ എസ് ഐ ധർമ്മേന്ദ്ര യാദവിനെയും മൂന്ന് കോൺസ്റ്റബിൾമാരുമാണ് പിടിയിലായത്.
ഗൊരഖ്പൂർ ഹൈവേയിൽ വച്ചാണ് പൊലീസുകാർ ആഭരണ വ്യാപാരിയെ കൊള്ളയടിച്ചത്. വ്യാപാരിയെപ്പറ്റി പൊലീസുകാർക്ക് വിവരം നൽകിയ രണ്ട് പേരെയും അറസ്റ്റ് ചെയ്തു. ഗൊരഖ്പൂരിൽ നിന്ന് ആഭരണ വ്യാപാരിയും സഹായിയും ബസിൽ ലക്നൗവിലേക്ക് പോവുകയായിരുന്നു. യൂണിഫോമിലായിരുന്ന നാല് പൊലീസുകാർ ചേർന്ന് ബസ് നിർത്തിച്ച് വ്യാപാരിയോടും സഹായിയോടും ഇറങ്ങാൻ ആവശ്യപ്പെട്ടു. ദേഹപരിശോധന നടത്താനെന്ന വ്യാജേനയാണ് ഇവരോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടത്.
തുടർന്ന് ഇരുവരെയും ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയ പൊലീസുകാർ കൊള്ളയടിക്കുകയായിരുന്നു.19 ലക്ഷം രൂപയും 16 ലക്ഷം വിലമതിക്കുന്ന സ്വർണ്ണവും വെള്ളിയും ഒരു കാറും പൊലീസ് കണ്ടെടുത്തു.
ചോദ്യം ചെയ്യലിൽ കഴിഞ്ഞ മാസം സമാനമായ മറ്റൊരു തട്ടിപ്പും തങ്ങൾ നടത്തിയിട്ടുണ്ടെന്ന് പ്രതികൾ മൊഴി നൽകി. കസ്റ്റംസ് ഓഫീസറെന്ന വ്യാജേനയായിരുന്നു ആ മോഷണം. പൊലീസുകാരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിട്ടുണ്ട്.