കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂല്‍ എം.എല്‍.എ ബിജെപിയില്‍ ചേര്‍ന്നു. നാദിയയിലെ സാന്തിപൂര് മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എ അരിന്ദം ഭട്ടാചാര്യയാണ് ബിജെപിയില്‍ ചേര്‍ന്നത്. ഡല്‍ഹിയില്‍ എത്തിയ അരിന്ദം ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ബുധനാഴ്ച ഉച്ചയോടെ ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്‌വര്‍ഗീയയുടെ സാന്നിധ്യത്തിലാണ് ഭട്ടാചാര്യ ബി.ജെ.പിയില്‍ ചേര്‍ന്നത്.
സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മറ്റൊരു തൃണമൂല്‍ എം.എല്‍.എ കൂടി പാര്‍ട്ടിവിട്ടത്. ബി.ജെ.പിയില്‍ ചേരേണ്ടവര്‍ക്ക് പാര്‍ട്ടി വിടാമെന്നും എന്നാല്‍ ബി.ജെ.പിക്ക് മുന്നില്‍ ഒരിക്കലും തലതാഴ്ത്തില്ലെന്നും തൃണമൂല്‍ അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായി മമത ബാനര്‍ജി കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിന് പിന്നാലെയാണ് ബി.ജെ.പി നേതൃത്വം ഭട്ടാചാര്യയെ പാര്‍ട്ടിയിലേക്കെത്തിച്ചത്.