ന്യൂഡല്‍ഹി: ആധാറിന് ഭരണഘടനാ സാധുതയുണ്ടെന്ന വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ സുപ്രിംകോടതി തള്ളി. പുനഃപരിശോധിക്കാൻ ആവശ്യമായ കാരണങ്ങൾ ഇല്ലെന്ന് കോടതി വ്യക്തമാക്കി.
ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റേതാണ് ഉത്തരവ്. അഞ്ചംഗ ബെഞ്ചിലെ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വിയോജിച്ചു. കേസ് വിശാലബഞ്ചിലേക്ക് വിടണമെന്നായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഢ് സ്വന്തം വിധിന്യായത്തിൽ പറഞ്ഞത്. അങ്ങനെ, ഏകവിയോജനവിധിയോടെ 4 : 1 എന്ന നിലയിൽ പുനഃപരിശോധനാ ഹർജികൾ തള്ളാൻ സുപ്രീംകോടതി തീരുമാനിക്കുകയായിരുന്നു.
എന്നാൽ നേരത്തേ പുറപ്പെടുവിച്ച വിധിയിൽ പുനഃപരിശോധന എന്തുകൊണ്ട് വേണം എന്ന കാര്യം സ്ഥാപിക്കുന്ന രീതിയിൽ ഒരു വാദവും ഉന്നയിക്കാൻ ഹർജിക്കാർക്ക് കഴിഞ്ഞില്ല എന്നാണ് മറ്റ് നാല് ന്യായാധിപരും എഴുതിയത്. രണ്ട് പേജുള്ള വിധിന്യായമാണ് നാല് ന്യായാധിപരും ചേർന്ന് പുറത്തുവിട്ടിരിക്കുന്നത്.
2018 സെപ്റ്റംബറിലാണ് ആധാർ പദ്ധതിക്ക് ഉപാധികളോടെ ഭരണഘടനാ ബെഞ്ച് അംഗീകാരം നൽകിയത്. ബാങ്ക് അക്കൗണ്ട്, മൊബൈൽ നമ്പർ, സ്കൂൾ പ്രവേശനം എന്നിവയ്ക്ക് ആധാർ നമ്പർ ബന്ധിപ്പിക്കരുതെന്നും നിർദേശിച്ചിരുന്നു.