ബെംഗളൂരു: ബെംഗളൂരു ജയിലില്‍ കഴിയുന്ന വി ശശികലയ്‍ക്ക് ദേഹാസ്വാസ്ഥ്യം. പരപ്പന അഗ്രഹാര ജയിലിൽ നിന്നും ശശികലയെ ആശുപത്രിയിലേക്ക് മാറ്റി. നേരത്തെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ജയിലില്‍ നിരീക്ഷണത്തിൽ ആയിരുന്നു ശശികല.
ശശികലയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷ അനുഭവിക്കുന്ന ശശികലയുടെ ജയിൽ മോചനം ഈ മാസം 27-നുണ്ടാകുമെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ശശികലയുടെ അസുഖ വിവരം പുറത്തുവരുന്നത്.
അതേസമയം, ജയില്‍മോചിതയാകുന്ന ശശികലയ്ക്ക് വന്‍വരവേല്‍പ്പ് നല്‍കാനൊരുങ്ങിയിരിക്കുകയാണ് അമ്മ മക്കള്‍ മുന്നേറ്റ കഴകം പ്രവര്‍ത്തകര്‍. ബംഗളൂരു ജയില്‍ മുതല്‍ വാഹന റാലിയും ചെന്നൈയില്‍ പ്രവര്‍ത്തകരുടെ ശക്തി പ്രകടനവുമാണ് നടക്കുക.
തമിഴ്‌നാട് തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ശശികലയും ജയില്‍ മോചനം നിര്‍ണായക വഴിത്തിരിവായിരിക്കുകയാണ്.
അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ നാല് വര്‍ഷം തടവും പത്ത് കോടി രൂപ പിഴയുമായിരുന്നു ശിക്ഷ. പത്തു കോടി രൂപ ബംഗളൂരു പ്രത്യേക കോടതിയില്‍ അടച്ചതോടെയാണ് ജയില്‍മോചനത്തിന് വഴിയൊരുക്കിയത്. തമിഴ്‌നാട്ടില്‍ എല്ലാ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചപ്പോഴും ശശികലയാക്കായി കാത്തിരിക്കുകയായിരുന്നു അമ്മ മക്കള്‍ മുന്നേറ്റ കഴകം. പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് വാഹന റാലിയായി ആനയിക്കും. ചെന്നൈയില്‍ പ്രവര്‍ത്തകരെ അണിനിരത്തി പ്രചാരണത്തിന് തുടക്കം കുറിക്കും.