ലഖ്നോ: ഉത്തര്‍പ്രദേശ് നിയമസഭ കൗണ്‍സില്‍ ഗാലറിയില്‍ സ്വാതന്ത്ര്യസമര സേനാനികള്‍ക്കൊപ്പം തീവ്രഹിന്ദുത്വ സൈദ്ധാന്തികന്‍ സവര്‍ക്കറുടെ ചിത്രം തൂക്കിയതിനെ തുടര്‍ന്ന് വിവാദം. ചിത്രം നീക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗം ദീപക് സിങ് സഭ അധ്യക്ഷന്‍ കത്തെഴുതി. ചൊവ്വാഴ്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് സവര്‍ക്കറുടെ ചിത്രം അനാച്ഛാദനം ചെയ്തത്.
സ്വാതന്ത്ര്യസമര സേനാനികള്‍ക്കൊപ്പം സവര്‍ക്കറുടെ ചിത്രം സ്ഥാപിക്കുന്നത് സ്വാതന്ത്ര്യത്തിനായി പോരാടിയ എല്ലാവരേയും അപമാനിക്കുന്നതാണെന്ന് ദീരപക് സിംഗ് കത്തില്‍ പറയുന്നു. ചിത്രം ഇവിടെനിന്നും മാറ്റി ബിജെപി ഓഫീസില്‍ തൂക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെടുന്നു.
ബ്രിട്ടീഷുകാരോട് സവര്‍ക്കര്‍ മാപ്പിരന്നതിനെ കുറിച്ചും ജയില്‍ മോചിതനായതിനെ കുറിച്ചും രാജ്യത്തെ ജനങ്ങള്‍ക്ക് മുഴുവനറിയാമെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞു. ബിജെപി ചരിത്രം പഠിക്കണമെന്നും സവര്‍ക്കറുടെ ചിത്രം സ്ഥാപിക്കുന്നതിലൂടെ മഹാന്മാരായ സ്വാതന്ത്ര്യസമര സേനാനികളെ അധിക്ഷേപിക്കുകയാണെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.