ന്യൂ ഡല്‍ഹി: റിപ്പബ്ലിക്ക് ദിനത്തിലെ ട്രാക്ടര്‍ സമരത്തില്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടായാല്‍ പൊലീസിന് നടപടിയെടുക്കാമെന്ന് സുപ്രീംകോടതി. അതേസമയം, സമരക്കാരെ ഡല്‍ഹിയില്‍ പ്രവേശിക്കുന്നത് തടഞ്ഞ് ഉത്തരവിറക്കാന്‍ കോടതി വിസമ്മതിച്ചു. എന്നാല്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ഉചിതമായ നടപടികള്‍ എടുക്കാന്‍ പൊലീസിന് ചുമതല ഉണ്ടെന്ന് കോടതി വ്യക്തമാക്കി.
ഇതേ തുടര്‍ന്ന് റിപ്പബ്ലിക്ക് ദിനത്തില്‍ കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ട്രാക്ടര്‍ റാലി ഉത്തരവിന്റെ പിന്‍ബലത്തില്‍ തടയാന്‍ ശ്രമിച്ച ഡല്‍ഹി പൊലീസിന്റെ നീക്കം ഫലം കണ്ടില്ല. എ.ജി ഈ ആവശ്യത്തില്‍ ശക്തമായ വാദങ്ങളും കോടതിയില്‍ ഉന്നയിച്ചു. നിയമ വിരുദ്ധമായ നടപടി ആണ് സംഘടനകള്‍ നടത്തുന്നത്. 5000 പേരെങ്കിലും ഡല്‍ഹിയില്‍ ട്രാക്ടറുമായി കടക്കാന്‍ ശ്രമിയ്ക്കും. അതിസങ്കീര്‍ണമായ ക്രമസമാധാന പ്രശ്നങ്ങള്‍ക്കാകും ഇത് വഴിവയ്ക്കുക. സുപ്രീംകോടതി ട്രാക്ടര്‍ റാലി നിയമം മൂലം തടയണം എന്നും എ.ജി നിര്‍ദേശിച്ചു. വാദങ്ങള്‍ ശക്തമായിരുന്നിട്ടും സുപ്രീം കോടതി എന്നാല്‍ ഈ ആവശ്യം അംഗീകരിച്ചില്ല.
ട്രാക്ടര്‍ റാലി ക്രമസമാധാന പ്രശ്നമാണെങ്കില്‍ അതിന് എതിരെ നടപടി എടുക്കാന്‍ പൊലീസിന് നിയമപരാമായി സാധിയ്ക്കും. ഇക്കാര്യത്തില്‍ കോടതിയുടെ വിധി യുക്തമല്ലെന്നും സുപ്രിംകോടതി പറഞ്ഞു. പ്രശ്നം ഗുരുതരമാണെന്നും ഇടപെടല്‍ അനിവര്യം ആണെന്നും എ.ജി ആവര്‍ത്തിങ്കിലും സുപ്രിംകോടതി വഴങ്ങിയില്ല. അധികാരം കൈയ്യില്‍ കരുതുന്നവര്‍ അത് ഉപയോഗിയ്ക്കാന്‍ ഉത്തരവിന്റെ സഹായം തേടുന്നത് ഭൂഷണം അല്ലെന്നും കോടതി പറഞ്ഞു. കര്‍ഷക സമരവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ മറ്റെന്നാള്‍ കോടതി വീണ്ടും പരിഗണിക്കും.
അതേസമയം, റിപ്പബ്ലിക് ദിനത്തില്‍ രാജ്യ തലസ്ഥാനത്ത് നടത്താനിരിക്കുന്ന ട്രാക്ടര്‍ റാലിയില്‍ നിന്ന് പിന്മാറില്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണം കര്‍ഷക പ്രക്ഷോഭത്തെ തകര്‍ക്കാന്‍ ലക്ഷ്യംവച്ചുള്ളതാണെന്നും കര്‍ഷകര്‍ ആരോപിച്ചു.