ന്യൂഡല്‍ഹി: കൊവാക്‌സീന്‍ വേണ്ട പകരം കൊവിഷീല്‍ഡ് നല്‍കിയാല്‍ മതിയെന്ന ആവശ്യവുമായി ഡല്‍ഹി ആശുപത്രിയിലെ ഡോക്ടര്‍മാര്‍. ഡല്‍ഹി റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ റസിഡന്റ് ഡോക്ടര്‍മാരാണ് ആവശ്യം ഉന്നയിച്ച് മെഡിക്കല്‍ സൂപ്രണ്ടിന് കത്തയച്ചത്.
തങ്ങളുടെ ആശുപത്രിയില്‍ ഭാരത് ബയോടെകിന്റെ കോവാക്‌സിന് പകരം സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡിന് മുന്‍ഗണന നല്‍കാനാണ് താല്‍പര്യം. കോവാക്‌സിന്റെ കാര്യത്തില്‍ പരീക്ഷണങ്ങളുടെ അഭാവമുണ്ടെന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ആശങ്ക നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ പേര്‍ വാക്‌സിനെടുക്കാന്‍ താല്‍പര്യപ്പെടുന്നില്ല. ഇത് വാക്‌സിനേഷന്റെ ലക്ഷ്യത്തെപ്പോലും പരാജയപ്പെടുത്തും. തങ്ങള്‍ എല്ലാ പരീക്ഷണങ്ങളും പൂര്‍ത്തീകരിച്ച കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ താല്‍പര്യപ്പെടുന്നു’ -ഡോക്ടര്‍മാരുടെ കത്തില്‍ പറയുന്നു.
അതേസമയം, രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ നടപടിക്ക് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോദി വാക്‌സിനേഷന്‍ ഉദ്ഘാടനം ചെയ്തു. വാക്‌സിന്‍ സ്വീകരിക്കുന്നവരുമായി അദ്ദേഹം ഓണ്‍ലൈനില്‍ സംവദിച്ചു. കൊവിന്‍ ആപ്പും പുറത്തിറക്കി. ഡല്‍ഹിയിലെ ശുചീകരണ തൊഴിലാളികളില്‍ ഒരാളാണ് രാജ്യത്താദ്യം കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചത്. എയിംസിലാണ് വാക്‌സിനേഷന്‍ നടന്നത്.