ജകാര്‍ത്ത: യാത്രാമധ്യേ കടലില്‍ തകര്‍ന്നുവീണ ശ്രീവിജയ എയര്‍ വിമാനത്തിന്റെ ബ്ലാക് ബോക്സ് ഇന്തോനേഷ്യന്‍ നാവികസേന കണ്ടെടുത്തു. അപകടം നടന്ന് നാലാമത്തെ ദിവസമാണ് ബ്ലാക് ബോക്സ് കണ്ടെടുത്തത്.
ഫ്ലൈറ്റ് ഡേറ്റാ റെക്കോര്‍ഡര്‍ ഉള്‍പ്പെടുന്ന ബ്ലാക് ബോക്സിലെ വിവരങ്ങള്‍ പരിശോധിച്ച് അപകടത്തിന്റെ വിശദാംശങ്ങള്‍ അറിയാനാകുമെന്നാണ് പ്രതീക്ഷ. വിവരങ്ങള്‍ വിശദമായി പരിശോധിക്കാന്‍ അഞ്ചുദിവസം വരെയെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ബ്ലാക് ബോക്സിലെ വിവരങ്ങളില്‍ നിന്ന് അപകടത്തിന്റെ കാരണം വ്യക്തമായാല്‍ ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ നടപടിയെടുക്കാമെന്ന് നാഷണല്‍ ട്രാന്സ്പോര്ട്ടേഷന് സേഫ്റ്റി കമ്മിറ്റി അധ്യക്ഷന്‍ സൊര്‍ജാന്റോ ജാജാനോ വ്യക്തമാക്കി. വിമാന എന്‍ജിന്റെ ഫാന്‍ ബ്ലേഡുകള്‍ക്ക് തകരാര്‍ സംഭവിച്ച നിലയിലാണ് കണ്ടെത്തിയത്. അപകടസമയത്ത് എന്ജിന് പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് ഇതില്‍ നിന്ന് മനസിലാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജനുവരി ഒമ്ബതിനാണ് ശ്രീവിജയ എയറിെന്റ ബോയിങ് 737-500 (എസ്.ജെ182) ആഭ്യന്തര വിമാനം പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ റഡാറില്‍നിന്ന് അപ്രത്യക്ഷമായത്. പിന്നീട് വിമാനം തകര്‍ന്നുവീണതായി സ്ഥിരീകരിക്കുകയായിരുന്നു.
അഞ്ചു കുട്ടികളും ഒരു നവജാത ശിശുവും ഉള്‍പ്പെടെ 50 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജകാര്‍ത്തയിലെ സുകാര്‍ണോ ഹട്ടാ വിമാനത്താവളത്തില്‍നിന്ന് ശനിയാഴ്ച ഉച്ചക്ക് 2.30നാണ് വിമാനം ബോര്‍ണോ ദ്വീപിലെ പടിഞ്ഞാറന്‍ കലിമന്താന്‍ പ്രവിശ്യ തലസ്ഥാനമായ പോണ്ടിയാനയിലേക്ക് പറന്നത്.