ന്യൂഡല്‍ഹി: യുകെയില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സർവീസ് പുനരാരംഭിച്ചു. 256 യാത്രാക്കാരുമായി ആണ് ഇടവേളയ്ക്ക് ശേഷം ഉള്ള ആദ്യ വിമനം ഡൽഹിയിൽ എത്തിയത്.
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഇവരെ അവടെ നിന്ന് നേരിട്ട് ക്വാറന്റീനിലേയ്ക്ക് മാറ്റി. അവരവരുടെ സംസ്ഥാനത്തേയ്ക്ക് പോകാൻ അനുവദിയ്ക്കണം എന്നുള്ള യാത്രകാരുടെ അഭ്യർത്ഥന തള്ളിയാണ് നിർബന്ധിത ക്വാറന്റീനില്‍ ആക്കിയത്.
കോവിഡ് പരിശോധന നടത്താനും കോവിഡ് ഇല്ലാത്തവരെ എങ്കിലും നാടുകളിലേയ്ക്ക് മടക്കണം എന്നും നാട്ടുകാർ അപേക്ഷിച്ചിട്ടും ഫലം ഉണ്ടായില്ല. യാത്രക്കാരുടെ പാസ്‌പോർട്ടുകൾ അടക്കമുള്ള രേഖകൾ പിടിച്ച് വാങ്ങിയാണ് നിർബന്ധിത ക്വാറന്റീനിലേയ്ക്ക് മാറ്റിയതെന്ന് ചില യാത്രക്കാർ കുറ്റപ്പെടുത്തി.
യുകെയില്‍ നിന്ന് ഡല്‍ഹിയിലെത്തുന്ന യാത്രക്കാരെ ഏഴു ദിവസം സര്‍ക്കാര്‍ ക്വാറന്റൈനിലാക്കും. കോവിഡ് പരിശോധനാ ഫലം നെഗറ്റീവായാലും സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയണം. തുടര്‍ന്നു ഏഴു ദിവസം ഹോം ഐസോലേഷനിലും കഴിയണമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ട്വീറ്റ് ചെയ്തു.
ഡിസംബര്‍ 23 നാണ് അതിതീവ്ര കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ വിമാന സര്‍വീസ് നിര്‍ത്തിവച്ചിരുന്നത്. ജനുവരി ആറിന് ഇന്ത്യയില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചിരുന്നു. എന്നാല്‍ ഇന്ത്യയിലേക്കുള്ളവ ഇന്നാണ് ആരംഭിച്ചത്.
ഈ വിമാനങ്ങളില്‍ യാത്ര ചെയ്യുന്ന എല്ലാവരും 72 മണിക്കൂറിനകം ആര്‍ടി പിസിആര്‍ ടെസ്റ്റ് നടത്തിയിരിക്കണം എന്ന നിബന്ധനയുണ്ട്. ജനുവരി 23 വരെ ആഴ്ചയില്‍ 23 വിമാനങ്ങളേ അനുവദിക്കൂവെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചിട്ടുണ്ട്.