ഹൈദരാബാദ്: ഭൂമി തർക്കത്തെത്തുടർന്ന് മൂന്ന് സഹോദരങ്ങളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ആന്ധ്രയിലെ തെലുങ്കു ദേശം പാർട്ടി (ടിഡിപി) മുൻ മന്ത്രി ഭുമ അഖില പ്രിയ അറസ്റ്റിൽ. 200 കോടിയോളം വിലമതിക്കുന്ന 50 ഏക്കർ ഭൂമിയുടെ പേരിലുള്ള തർക്കത്തത്തുടർന്ന് മുൻ ഹോക്കി താരം പ്രവീൺ റാവു ഉൾപ്പെടെ മൂന്ന് സഹോദരങ്ങളെ തട്ടിക്കൊണ്ടുപോയ കേസിലാണ് മുൻമന്ത്രി അറസ്റ്റിലായത്.
ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ഹൈദരാബാദിലെ വീട്ടില്‍ നിന്ന് രാത്രി 7 മണിയോടെയാണ് ഇവരെ കടത്തിക്കൊണ്ടുപോയത്. ഇന്‍കം ടാക്‌സ് ഓഫീസര്‍മാര്‍ എന്ന് പറഞ്ഞാണ് പ്രതികള്‍ വീട്ടില്‍ കയറിയതെന്ന് പൊലീസ് പറഞ്ഞു. റെയ്ഡ് നടത്താനാണു വന്നതെന്നും കൈവശം വാറന്റുണ്ടെന്നും സംഘം പറഞ്ഞു. തുടർന്ന് അവർ മൂന്നു സഹോദരന്മാരെ കൂട്ടിക്കൊണ്ടുപോയി. മൂന്ന് വാഹനങ്ങളിലാണു സംഘം വന്നതെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം വീട്ടിലെത്തിയ സംസ്ഥാന എക്സൈസ് മന്ത്രി ശ്രീനിവാസ് ഗൗഡ പറഞ്ഞു.
മറ്റ് കുടുംബാംഗങ്ങളെ ഒരു മുറിയില്‍ പൂട്ടിയിട്ട ശേഷം സഹോദരന്മാരെ കടത്തിക്കൊണ്ടുപോവുകയായിരുന്നു. വിവരം കിട്ടിയതിനു പിന്നാലെ സംഘത്തെ പിന്തുടർന്നു മൂന്ന് മണിക്കൂറിനുള്ളിൽ സഹോദരങ്ങളെ രക്ഷപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. പുലർച്ചെ മൂന്നു മണിയോടെയാണു രക്ഷാപ്രവർത്തനം പൂർത്തിയായത്. വെള്ളക്കടലാസിൽ ഒപ്പിടാൻ നിർബന്ധിച്ചെന്നു സഹോദരങ്ങൾ പൊലീസിനോട് പറഞ്ഞു.
അഖില പ്രിയയുടെ അമ്മാവന്‍ സുബ്ബ റെഡ്ഡിയാണ് കേസില്‍ ഒന്നാംപ്രതി. അഖിലയുടെ ഭര്‍ത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
200 കോടി രൂപ വിലമതിക്കുന്ന 50 ഏക്കർ സ്ഥലവുമായി ബന്ധപ്പെട്ട് അഖിലപ്രിയയും ഈ സഹോദരന്മാരും തമ്മിൽ തർക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.
കേസിൽ അറസ്റ്റിലായ ഭൂമയ്ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ ഇന്ദിരാ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി.