റായ്ഗഡ്: മഹാരാഷ്ട്രയിലെ റായ്ഗഡില്‍ പീഡനക്കേസില്‍ പരോളിലിറങ്ങിയ പ്രതി 3 വയസുകാരിയെ പീഡിപ്പിച്ചുകൊന്നു. പെന്‍ മേഖലയിലെ ആദിവാസി കോളനിയില്‍ കയറിയാണ് മുപ്പത്തിയഞ്ചുകാരന്റെ അതിക്രമം. പീഡനക്കേസില്‍ അറസ്റ്റ് ചെയ്ത ആദേശ് പാട്ടീല്‍ എന്ന യുവാവിനെ പത്ത് ദിവസം മുന്‍പാണ് പരോളില്‍ അയച്ചത്.
ഡിസംബര്‍ 30 പുലര്‍ച്ചെയാണ് സംഭവം നടന്നത്. രക്ഷിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന മൂന്ന് വയസുകാരിയെ യുവാവ് തട്ടിക്കൊണ്ടു പോവുകയായിരുന്നു. പെന്നിലെ പാഡ ബഡഗോണ്‍ മേഖലയിലെ വീട്ടില്‍ നിന്നാണ് കുഞ്ഞിനെ തട്ടിക്കൊണ്ട് പോയത്. പെണ്‍കുട്ടിയുടെ വീടിന് വാതില്‍ ഇല്ലായിരുന്നെന്ന് പൊലീസ് പറയുന്നു.
കുഞ്ഞിനെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയ യുവാവ് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് കുഞ്ഞിന്റെ മൃതദേഹം വീടിന് പിന്നില്‍ കൊണ്ടുവന്ന് ഇടുന്നതിനിടെ ആദേശ് പാട്ടീലിനെ കുഞ്ഞിന്റെ മുത്തശ്ശി കാണുകയായിരുന്നു.
ഇവര്‍ ഒച്ചവച്ചതോടെ ആദേശ് പാട്ടീല്‍ മുങ്ങി. എന്നാല്‍, ദൃക്സാക്ഷികളുടെ മൊഴികളനുസരിച്ച് പാട്ടീലിന് വേണ്ടി തെരച്ചില്‍ ആരംഭിച്ച പൊലീസ് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാളെ കണ്ടെത്തി. പീഡനം, തട്ടിക്കൊണ്ട് പോകല്‍, കൊലപാതകം എന്നിവയടക്കം പോക്സോ നിയമത്തിന് കീഴിലാണ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുള്ളത്. മോഷണത്തിനും പീഡനത്തിനും അക്രമത്തിനുമാണ് യുവാവിനെതിരെ നേരത്തെ കേസുണ്ടായിരുന്നത്.