കാണ്‍പുർ: സ്റ്റാമ്പില്‍ ഇടം നേടി അധോലോക ഗുണ്ടകള്‍. ഉത്തർപ്രദേശിലാണ് ഗുണ്ടാസംഘത്തലവൻമാരുടെ ചിത്രം ഉൾപ്പെടുത്തി തപാൽവകുപ്പ് സ്റ്റാന്പുകൾ പുറത്തിറക്കിയത്. ഛോട്ടാ രാജന്റെയും മുന്ന ബജ്രംഗിയുടെയും ചിത്രങ്ങളുള്ള അഞ്ചു രൂപ സ്റ്റാന്പുകളാണു അച്ചടിച്ചത്. എന്റെ സ്റ്റാന്പ് പദ്ധതി പ്രകാരം ആർക്കു വേണമെങ്കിലും 300 രൂപ അടച്ച് ആവശ്യമായ രേഖകൾ ഹാജരാക്കിയാൽ സ്വന്തം ഫോട്ടോവച്ചും കുടുംബാംഗങ്ങളുടെ ഫോട്ടോവച്ചും സ്റ്റാന്പ് അച്ചടിക്കാം.
പദ്ധതിയുടെ ഭാഗമായി ആരോ ഈ ഗുണ്ടാത്തലവൻമാരുടെ ഫോട്ടോ കൈമാറുകയായിരുന്നുവെന്നാണു പ്രാഥമിക നിഗമനം. ഉദ്യോഗസ്ഥ തലത്തിലെ പിഴവാണു സംഭവിച്ചതെന്നും സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ടെന്നും പോസ്റ്റ് മാസ്റ്റർ ജനറൽ വിനോദ് കുമാർ വർമ വ്യക്തമാക്കി. ജീവനക്കാർക്ക് ഗുണ്ടാസംഘങ്ങളെ തിരിച്ചറിയാൻ കഴിയാതിരുന്ന സാഹചര്യം പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവം വിവാദമായതോടെ പോസ്റ്റോഫീസിലെ ഫിലാറ്റലി വിഭാഗത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു.