പാരീസ്: ഫ്രാൻസിൽ ആദ്യമായി ബ്രിട്ടനിൽ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അതിവ്യാപന ശേഷിയുള്ള വൈറസായതിനാൽ രാജ്യത്ത് കടുത്ത നിരീക്ഷണം ഏർപ്പെടുത്തി.
ഡിസംബർ 19ന് ബ്രിട്ടനിൽ നിന്ന് തിരിച്ചെത്തിയ പൗരനാണ് രോഗം സ്ഥിരീകരിച്ചത്. ഡിസംബർ 21ന് പരിശോധനക്ക് വിധേയമാക്കിയ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. തിങ്കളാഴ്ച ഫ്രാൻസ് ആരോഗ്യമന്ത്രി ഒലിവിയർ വെരൻ രാജ്യത്ത് കൊറോണ വൈറസിന്റെ വകഭേദം കണ്ടെത്തിയതായി സ്ഥിരീകരിച്ചിരുന്നു.
രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വിദഗ്ധർ. സമ്പർക്കത്തിൽ വന്നവരെ നിരീക്ഷണത്തിലാക്കാനാണ് നീക്കം.
അതേസമയം, റോമിൽ ഒരാൾക്ക് പുതിയ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ഇറ്റാലിയൻ അധികൃതർ അറിയിച്ചു. ഡെൻമാർക്ക്, നെതർലൻഡ്സ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലായി ഒമ്പതോളം പേർക്ക് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.