ന്യൂയോര്‍ക്ക്: തലച്ചോറ് ഭക്ഷിക്കുന്ന നെയ്ഗ്ലേരിയ എന്ന തരം അമീബയുടെ സാന്നിദ്ധ്യം അമേരിക്കയില്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തടാകങ്ങളും അരുവികളും ഉള്‍പ്പെടെയുള്ള ശുദ്ധജലത്തിലാണ് നെയ്ഗ്ലേരിയ ഫൌലറി എന്ന ഈ അമീബ കൂടുതലായി കാണപ്പെടുന്നത്. അമീബയുടെ സാന്നിദ്ധ്യമുള്ള വെള്ളത്തില്‍ നീന്തുകയോ മുങ്ങുകയോ ചെയ്യുമ്പോള്‍ ഒരു വ്യക്തി രോഗബാധിതനാകുന്നു. ഇത് അമെബിക് മെനിംഗോഎന്സെഫാലിറ്റിസ് (പിഎഎം) എന്നറിയപ്പെടുന്നു.
അതേസമയം, മൂക്കിലൂടെയാണ് ഈ അമീബ നമ്മുടെ ശരീരത്തിനകത്തേക്ക് പ്രവേശിക്കുന്നത്. ഇത് തലച്ചോറിലുള്ള സെറിബ്രത്തിലേക്ക് പ്രവേശിക്കുന്നതോടെ കൂടുതല്‍ അപകടകാരിയായി മാറുന്നു. ഘ്രാണ നാഡികളിലൂടെയാണ് ഇത് മസ്തിഷ്ക്കത്തിലെത്തുന്നത്. ഇതോടെ മസ്തിഷ്ക്ക കോശങ്ങളും കലകളും ഇവ ഭക്ഷിക്കാന്‍ തുടങ്ങുന്നു. എന്നാല്‍ അമീബയുടെ സാന്നിദ്ധ്യമുള്ള വെള്ളം കുടിക്കുന്നത് രോഗത്തിന് കാരണമാകില്ലെന്ന് സിഡിസി വ്യക്തമാക്കുന്നു. 113 ഡിഗ്രി ഫാരന്‍ഹീറ്റ് (45 ഡിഗ്രി സെല്‍ഷ്യസ്) വരെ ചൂടുവെള്ളത്തില്‍ നെയ്ഗ്ലേരിയ തഴച്ചുവളരുമെന്നതിനാല്‍, ആഗോള താപനില കൂടുന്നതും ഇതിന്റെ വ്യാപനം വര്‍ദ്ധിപ്പിക്കുമെന്നാണ് മുന്നറിയിപ്പ് സന്ദേശത്തിലുള്ളത്.
അമേരിക്കയിലെ തെക്കന്‍ സംസ്ഥാനങ്ങളില്‍ നെയ്ഗ്ലേരിയ അമീബ ബാധിച്ച 74 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 1978 മുതല്‍ 2018 വരെയുള്ള കാലയളവില്‍ ഈ അമീബയുടെ വ്യാപനം കൂടുതലാണെന്നും സിഡിസി പറയുന്നു.