ന്യൂഡല്‍ഹി: നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ളയുടെ 11.86 കോടി വിലമതിക്കുന്ന സ്വത്തുവകകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. കളളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം താല്കാലിക ജപ്തി ഉത്തരവ് പുറപ്പെടുവിച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വത്തുവകകൾ കണ്ടുകെട്ടുകയായിരുന്നു.
ജമ്മു കാഷ്മീര്‍ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട അഴിമതിക്കേസിനെ തുടര്‍ന്നാണ് നടപടി. ഫാറൂഖ് അബ്ദുളളയുടെ ജമ്മു, ശ്രീനഗർ എന്നിവിടങ്ങളിലെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. 60-70 കോടി രൂപ വിപണിമൂല്യമുളളവയാണ് ഇതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
കേസില്‍ ഫാറൂഖ് അബ്ദുള്ള ഉള്‍പ്പടെ മൂന്നുപേര്‍ക്കെതിരേ 2018-ല്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 2002-11 കാലഘട്ടത്തില്‍ 43.69 കോടി രൂപയുടെ തിരിമറി നടത്തിയതായാണ് കുറ്റപത്രം. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് ഇഡി സ്വത്തുവകകള്‍ കണ്ടുകെട്ടിയത്.