ന്യൂഡല്‍ഹി: ഹാഥറസില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന് ബന്ധമെന്ന് യു.പി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സിദ്ദീഖ് കാപ്പന് നിരോധിത സംഘടനയായ സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയുടെ (സിമി) എക്സിക്യൂട്ടീവ് അംഗങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ യു.പി സര്‍ക്കാര്‍ ആരോപിക്കുന്നത്.
ഡല്‍ഹി കലാപക്കേസിലെ പ്രതിയായ മുഹമ്മദ് ഡാനിഷിെന്റ നിര്‍ദേശാനുസരണമാണ് കാപ്പന് ഹാഥറസിലേക്ക് പുറപ്പെട്ടതെന്നും ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി റൗഫ് ഷെരീഫാണ് സംഘത്തിന് വേണ്ട ക്രമീകരണങ്ങള്‍ നടത്തിയതെന്നും ആരോപിക്കുന്നുണ്ട്.
സിദ്ദിഖ് കാപ്പന് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഹാഥറസ് സന്ദര്‍ശിക്കാനായി പോയതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സിദ്ദീഖ് കാപ്പനുമായും കൂടെയുണ്ടായിരുന്നവരുമായും ഡാനിഷും റൗഫും മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും സത്യവാങ്മൂലത്തില്‍ പരാമര്‍ശമുണ്ട്.
അതേസമയം, സിദ്ദിഖ് കാപ്പന്റെ അറസ്റ്റില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് ഉത്തര്‍പ്രദേശ് പോലീസിന് നോട്ടീസ് അയച്ചു. കാപ്പനെതിരെയുള്ള നടപടിയുടെ റിപ്പോര്‍ട്ട് നാലാഴ്ച്ചയ്ക്കകം കൈമാറണമെന്നാണ് നിര്‍ദേശം.
കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്ഗനൈസേഷന് നല്കിയ പരാതിയിലാണ് കമ്മീഷന്റെ ഇടപെടല്‍. ഹത്രാസില്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയശേഷം കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ ഒക്ടോബര്‍ അഞ്ചിനാണ് സിദ്ദിഖ് കാപ്പന് അറസ്റ്റിലാവുന്നത്. രണ്ട് മാസത്തിലധികമായി ഉത്തര്‍പ്രദേശിലെ മഥുര ജയിലില്‍ കഴിയുകയാണ് കാപ്പന്.
സിദ്ധിഖ് കാപ്പനെ അറസ്റ്റ് ചെയ്ത് തടവിലാക്കിയത് ചോദ്യം ചെയ്ത് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ (കെ.യു.ഡബ്ല്യു.ജെ) നല്കിയ ഹരജിയില്‍ സുപ്രീം കോടതി ജനുവരി മൂന്നാംവാരം വാദം കേള്‍ക്കും. യു.പി സര്‍ക്കാര്‍ സമര്‍പ്പിച്ച അവസാന സത്യവാങ്മൂലത്തില്‍ പ്രതികരണമറിയിക്കാന്‍ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് യൂനിയന്‍ അവസരം നല്കി.
മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ ആണ് കെ.യു.ഡബ്ല്യൂ.ജെക്ക് വേണ്ടി ഹാജരാകുന്നത്. കേസ് ജനുവരി ആദ്യം പരിഗണിക്കണമെന്ന സിബലിെന്റ ആവശ്യം കോടതി അംഗീകരിച്ചില്ല.