പാട്ന: ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്. വൃക്കകളുടെ പ്രവർത്തനം ദിനംപ്രതി വഷളാകുന്നതായി അദ്ദേഹത്തെ ചികിത്സിക്കുന്ന റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഡോക്ടർമാർ അറിയിച്ചു.
“ലാലു പ്രസാദിന്റെ ആരോഗ്യനിലയെ കുറിച്ച് ഇപ്പോൾ എന്തെങ്കിലും പറയുക ബുദ്ധിമുട്ടാണ്. ആരോഗ്യനില വളരെ ഗുരുതരാവസ്ഥയിലാണെന്ന് ഉന്നത അധികൃതരെ അറിയിച്ചിട്ടുണ്ട്. വൃക്കയുടെ പ്രവർത്തനം പൂർണമായും അവതാളത്തിലാണ്. ഇപ്പോൾ, 25 ശതമാനം മാത്രമാണ് വൃക്ക പ്രവർത്തിക്കുന്നത്. ഏത് സമയത്തും കൂടുതൽ വഷളാകാം,” ലാലുവിനെ ചികിത്സിക്കുന്ന ഡോ.ഉമേഷ് പ്രസാദ് പറഞ്ഞു.- എഎന്‍ഐ റിപ്പോര്‍ട്ട്.
കാലിത്തീറ്റ കുംഭകോണ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ലാലു പ്രസാദിനെ രണ്ടാഴ്ചകള്‍ക്ക് മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2017ലാണ് കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലുവിനെ കോടതി ശിക്ഷിച്ചത്.
ജയിലില്‍ കഴിയവേ തന്നെ തനിക്ക് ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഉണ്ടെന്ന് ലാലു പ്രസാദ് യാദവ് പറഞ്ഞിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് ജാമ്യത്തിനായി അപേക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ, ലാലുവിന് ഇതുവരെ കോടതി ജാമ്യം അനുവദിച്ചില്ല.