ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇതുവരെ ഏഴ് കോടി പതിമൂന്ന് ലക്ഷം പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ ആറ് ലക്ഷത്തി എണ്‍പതിനായിരത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ പതിനാറ് ലക്ഷം കടന്നു. നാല് കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം പേര് രോഗമുക്തി നേടി.
അമേരിക്കയില്‍ ആകെ രോഗബാധിതരുടെ എണ്ണം ഒരുകോടി അറുപത്തിരണ്ട് ലക്ഷം പിന്നിട്ടു. രണ്ട് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് ലക്ഷത്തിലധികം പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. തൊണ്ണൂറ്റിനാല് ലക്ഷം പേര് രോഗമുക്തി നേടി.
അതേസമയം, ഫൈസര്‍ കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അമേരിക്കയും അംഗീകാരം നല്കി. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് വാക്സിന് അംഗീകാരം നല്‍കിയത്. ഫൈസര്‍ വാക്സിന് അനുമതി നല്കുന്ന അഞ്ചാമത്തെ രാജ്യമാണ് അമേരിക്ക. ഇതിന് മുമ്പ് ബ്രിട്ടന്, കാനഡ, ബഹ്റൈന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു.
ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 98 ലക്ഷം കടന്നു. മരണം 1,42,500 പിന്നിട്ടു. നിലവില്‍ രാജ്യത്ത് 3.63 ലക്ഷത്തില്‍ താഴെ പേര് മാത്രമാണ് ചികിത്സയിലുള്ളത്. ആകെ രോഗബാധിതരുടെ 3.71 ശതമാനമാണ് ഇത്. രാജ്യത്തെ രോഗമുക്തി നിരക്ക് 94.84 ശതമാനമായി ഉയര്‍ന്നു.
ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് അറുപത്തിയെട്ട് ലക്ഷം പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 1,80,453 പേര് മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അമ്പത്തിയൊമ്പത് ലക്ഷം പിന്നിട്ടു.