ചെന്നൈ: ഹൈക്കോടതിയിലെയും സുപ്രീംകോടതിയിലെയും ജുഡീഷ്യല്‍ ഓഫീസര്‍മാരെയും അവരുടെ ഭാര്യമാരെയും അടക്കം മോശം പരാമര്‍ശങ്ങള്‍ നടത്തിയ മുന്‍ ഹൈക്കോടതി ജഡ്ജി സി എസ് കര്‍ണനെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു.
കര്‍ണന്റെ വസതിയിലെത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 27-ന് മദ്രാസ് ഹൈക്കോടതിയിലെ ഒരു അഭിഭാഷകന് നല്കിയ പരാതിയില്‍ കര്‍ണനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ജഡ്ജിമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമെതിരേ അഴിമതി, ലൈംഗികാരോപണങ്ങള്‍ ഉന്നയിക്കുന്ന ജസ്റ്റിസ് കര്‍ണന്റെ വീഡിയോകള്‍ യുട്യൂബിലൂടെ പുറത്ത് വന്നിരുന്നു. തുടര്‍ന്ന് തമിഴ്നാട് ബാര്‍ കൗണ്‍സിലാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജി പരിഗണിച്ച കോടതി ഈ വിഡിയോകള്‍ നീക്കം ചെയ്യാനും അപകീര്‍ത്തികരമായ വീഡിയോകള്‍ അപ്ലോഡ് ചെയ്യുന്നത് തടയാനും ഫെയ്സ്ബുക്ക്, യുട്യൂബ് അധികൃതരോട് നിര്‍ദേശിച്ചു. കര്‍ണനെതിരേ നടപടിയെടുക്കാന്‍ പൊലീസിനും നിര്‍ദേശം നല്‍കിയിരുന്നു. സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ചില ജഡ്ജിമാര്‍ വനിത ജീവനക്കാരെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നുവെന്നായിരുന്നു കര്ണന് വീഡിയോയില്‍ ആരോപിച്ചത്. വനിതാ ജീവനക്കാരുടെ പേരുകളും വെളിപ്പെ ടുത്തിയിരുന്നു.
സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ചില ജഡ്ജിമാര്‍ ചില വനിതാ ഉദ്യോഗസ്ഥരെ ലൈംഗികപീഡനത്തിനിരയാക്കിയെന്ന പരാമര്‍ശവും കര്ണന് ആ വീഡിയോയില്‍ നടത്തിയിരുന്നു. ആ ദൃശ്യത്തില്‍ പീഡനത്തിനിരയായെന്ന് ആരോപിക്കപ്പെടുന്ന ഇരകളുടെ പേരും കര്ണന് വെളിപ്പെടുത്തുന്നുണ്ട്. സ്ത്രീകളെ അത്യന്തം അപമാനിക്കുന്നതാണ് കര്‍ണന്റെ പരാമര്‍ശങ്ങളെന്നും, ഇത് പച്ചയായ സ്ത്രീവിരുദ്ധതയാണെന്നും അഭിഭാഷകര്‍ സംയുക്തമായി ചീഫ് ജസ്റ്റിന് നല്കിയ കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.