ബ്യൂണസ് ഐറിസ്: ഫുട്ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥ മൂലമെന്ന് ആരോപണം. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ സ്വകാര്യ ഡോക്ടര്‍ ലിയോപോള്‍ഡോ ലുക്വിയുടെ വീട്ടിലും ആശുപത്രിയിലും പോലീസ് പരിശോധന നടത്തി.
ചികില്‍സാപ്പിഴവുണ്ടായെന്ന് മറഡോണയുടെ മക്കള്‍ നേരത്തെ ആരോപിച്ചിരുന്നു. ഡോക്ടര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തതായും അര്‍ജന്റൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മാറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് മോര്‍ള ആവശ്യപ്പെട്ടു. ഹൃദസ്തംഭനം ഉണ്ടായ സമയത്ത് ആദ്യത്തെ ആംബുലന്‍സ് മാറഡോണയുടെ വസതിയില്‍ എത്തിച്ചേരാന്‍ അരമണിക്കൂറിലധികം സമയമെടുത്തതായി അദ്ദേഹം ആരോപിച്ചു.
ഹൃദയാഘാതത്തെ തുടര്‍ന്ന് നവംബർ 25നാണ് 60 വയസുകാരനായ മറഡോണ അന്തരിച്ചത്. രണ്ടാഴ്ച്ചയ്ക്ക് മുമ്പ് അദ്ദേഹം തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടിരുന്നു.