ഷാര്‍ജ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ 10 വിക്കറ്റിന് തകര്‍ത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലേ ഓഫില്‍ കടന്നു. മുംബൈ ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം 17 പന്തുകള്‍ അവശേഷിക്കെയാണ് ഹൈദരാബാദ് മറികടന്നത്. ഹൈദരാബാദിന്റെ ജയത്തോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.
ഓപ്പണിംഗ് ഇറങ്ങിയ നായകന്‍ ഡേവിഡ് വാര്‍ണറും വൃദ്ധിമാന്‍ സാഹയുമാണ് ഹൈദരാബാദിന് അനായാസ വിജയം സമ്മാനിച്ചത്. 58 പന്തില്‍ നിന്ന് 85 റണ്‍സെടുത്ത് വാര്‍ണറും 45 പന്തില്‍ നിന്ന് 58 റണ്‍സെടുത്ത് സാഹയും പുറത്താവാതെ നിന്നു.
മികച്ച പ്രകടനം പുറത്തെടുത്ത സണ്‍റൈസേഴ്‌സ് ബൗളര്‍മാരാണ് മുംബൈ ഇന്ത്യന്‍സ് ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. സന്ദീപ് ശര്‍മ മൂന്നുവിക്കറ്റെടുത്ത് സണ്‍റൈസേഴ്‌സിനായി തിളങ്ങി. ജേസണ്‍ ഹോള്‍ഡര്‍, ഷഹബാസ് നദീം എന്നിവര്‍ രണ്ടുവിക്കറ്റുകള്‍ വീഴ്ത്തി. 41 റണ്‍സെടുത്ത കീറണ്‍ പൊള്ളാര്‍ഡാണ് മുംബൈയുടെ ടോപ് സ്‌കോറര്‍.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ 149 റണ്‍സാണ് നേടിയത്. ഓപ്പണറായ രോഹിത് ശര്‍മയ്ക്ക് നാലു റണ്‍സ് മാത്രമാണ് നേടാനായത്. സന്ദീപ് ശര്‍മയാണ് രോഹിതിന്റെ വിക്കറ്റെടുത്തത്. രോഹിത് മടങ്ങിയതിന് പിന്നാലെ ഡികോക്ക് സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും 25 റണ്‍സില്‍ പുറത്തായി. പിന്നീട് ഒത്തുചേര്‍ന്ന സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും ചേര്‍ന്ന് സ്‌കോര്‍ 50 കടത്തി. എന്നാല്‍ സ്‌കോര്‍ബോര്‍ഡ് 81 ല്‍ നില്‍ക്കെ സൂര്യകുമാറിനെ പുറത്താക്കി ഷഹബാസ് നദീം വീണ്ടും കളി സണ്‍റൈസേഴ്‌സിന് അനുകൂലമാക്കി.
പൊള്ളാര്‍ഡും ഇഷാനും ചേര്‍ന്നാണ് സ്‌കോര്‍ 100 കടത്തിയത്. 33 റണ്‍സെടുത്ത ഇഷനെ സന്ദീപ് ശര്‍മ മടക്കി അയച്ചു.
മറുപടി ബാറ്റിങ്ങില്‍ തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും വൃദ്ധിമാന്‍ സാഹയും ചേര്‍ന്ന് നല്‍കിയത്. ബൗളിങ് നിരയെ ദാക്ഷിണ്യമില്ലാതെ നേരിട്ട സാഹയും വാര്‍ണറും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇരുവരും അര്‍ധസെഞ്ചുറി നേടുകയും ചെയ്തു.