ലക്നൗ: ഉത്തര്‍പ്രദേശില്‍ രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ അപ്രതീക്ഷിത ചുവടുമാറ്റം. ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയുടെ അഞ്ച് എംഎല്‍എമാര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി റാംജി ഗൗതമിനുള്ള പിന്തുണ പിന്‍വലിച്ച് അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു.
ഗൗതമിനെ പിന്തുണച്ച് നാമനിര്‍ദേശപത്രികയില്‍വെച്ച ഒപ്പ് വ്യാജമാണെന്ന് റിട്ടേണിങ് ഓഫീസറെ അറിയിച്ച ശേഷമാണ് അഞ്ച് പേരും പിന്തുണ പിന്‍വലിക്കുന്ന വിവരം പുറത്ത് പറയുന്നത്. എംഎല്‍എമാരായ അസ്‌ലം ചൗധരി, അസ്‌ലം റൈനി, മുസ്തബ സിദ്ദിഖി, ഹകം ലാല്‍ ബിന്ദ്, ഗോവിന്ദ് ജാതവ് എന്നിവരാണ് പിന്തുണ പിന്‍വലിച്ച അഞ്ച് എംഎല്‍എമാര്‍.
റിട്ടേണിംഗ് ഓഫീസറെ കണ്ട ഉടന്‍ അഞ്ച് പേരും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെ കാണുന്നതിനായി പാര്‍ട്ടി ഓഫീസിലേക്ക് പോയി. കളംമാറിയതിന് അഞ്ച് എംഎല്‍എമാര്‍ക്കും പണം ലഭിച്ചിട്ടുണ്ടെന്ന് ബിഎസ്പി എംഎല്‍എ ഉമ ശങ്കര്‍ സിംഗ് ആരോപിച്ചു. ദളിത് നേതാവായ രാംജി ഗൗതം രാജ്യസഭയിലെത്തുന്നത് തടയുന്നതിന് വേണ്ടിയാണ് ഈ നീക്കമെന്നും ഉമ ശങ്കര്‍ ആരോപിച്ചു.
അഞ്ച് എംഎല്‍എമാര്‍ക്കുമെതിരെ നടപടിയെടുക്കുമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി പറഞ്ഞു. നവംബര്‍ ഒന്‍പതിനാണ് രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്. ഇതിന് മുന്നോടിയായി നാമനിര്‍ദ്ദേശ പത്രിക സൂക്ഷ്മ പരിശോധന കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതിനിടെയാണ് നാടകീയ രാഷ്ട്രീയ മാറ്റങ്ങള്‍.
10 രാജ്യസഭാ സീറ്റിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപിയുടെ എട്ട് പേരുള്‍പ്പെടെ 11 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയും മത്സര രംഗത്തുണ്ട്.