പട്‌ന: ബിഹാറില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ സംസ്ഥാനത്തിന്റെ മറ്റിടങ്ങളില്‍ പ്രചരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബീഹാറിന് സ്വയം പര്യാപ്തത നേടാന്‍ ആത്മനിര്‍ഭര്‍ ഭാരതും ആത്മനിര്‍ഭര്‍ മിഥിലാഞ്ചലും അനിവാര്യമാണെന്ന് മോദി പറഞ്ഞു.
ബീഹാറിലെ ജനങ്ങള്‍ മഹാസഖ്യത്തെ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘സംസ്ഥാനത്ത് ജംഗിള്‍ രാജ് കൊണ്ടുവരുന്നവരെ സൂക്ഷിക്കണം. ബീഹാറിനെ കൊള്ളയടിക്കുന്നവരെ കരുതിയിരിക്കണം’, മോദി പറഞ്ഞു.
അതേസമയം, ഇവിഎമ്മിലെ തകരാര്‍ കാരണം വോട്ടെടുപ്പ് തടസപ്പെട്ട ബൂത്തുകളില്‍ പോളിങ് റദ്ദാക്കണമെന്ന ആവശ്യവുമായി ആര്‍ജെഡി സ്ഥാനാര്‍ത്ഥി രംഗത്തെത്തിയിട്ടുണ്ട്. ജമുയിലെ സ്ഥാനാര്‍ത്ഥി വിജയ് പ്രകാശാണ് ആവശ്യവുമായെത്തിയത്.
55 പോളിങ് ബൂത്തുകളില്‍ ഇവിഎം തുടര്‍ച്ചയായി പണിമുടക്കിയെന്നും മെഷിനുകള്‍ മാറ്റിയിട്ടും കാര്യക്ഷമമായില്ലെന്നും വിജയ് പ്രകാശ് പറഞ്ഞു. ഇവിഎം തകരാറുകള്‍ക്ക് പിന്നില്‍ കേന്ദ്രസര്‍ക്കാരും ബിജെപിയുമാണെന്നും അദ്ദേഹം ആരോപിച്ചു.