പട്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്നും പോളിങ് ബൂത്തിലെത്തുന്നവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു.
ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രി വോട്ടര്‍മാരോട് കോവിഡ് പശ്ചാത്തലത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് ആവശ്യപ്പെട്ടത്.
“ബിഹാര്‍ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടിങ് ഇന്നാണ്. എല്ലാ വോട്ടര്‍മാരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ പങ്കുചേരാന്‍ ഞാന്‍ ആഹ്വാനം ചെയ്യുന്നു. രണ്ട് മീറ്റര്‍ സാമൂഹിക അകലം പാലിക്കുന്നതും മാസ്‌ക് ധരിക്കുന്നതും ഉറപ്പാക്കണം”- എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.
ബിഹാറില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. 71 മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ്. 1,066 സ്ഥാനാര്‍ഥികളാണ് ജനവിധി നേടുന്നത്. 2.14 കോടി വോട്ടര്‍മാര്‍ വിധിയെഴുതും.