ഭോപ്പാല്‍: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമറിനും, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിനുമെതിരെ നടപടിയെടുക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്ന് ഗ്വാളിയോര്‍ ജില്ലാ മജിസ്‌ട്രേറ്റിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഒക്ടോബര്‍ 23 ന് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു.
രോഗവ്യാപനം കൂടിയ സാഹചര്യത്തില്‍ പ്രദേശത്ത് പൊതുയോഗങ്ങള്‍ നടത്താന്‍ ഒരു സ്ഥാനാര്‍ത്ഥിയ്ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും അനുമതി നല്‍കരുതെന്ന് ഗ്വാളിയോറിലെ 9 ജില്ലാ മജിസ്‌ട്രേറ്റുകളോട് കോടതി നിര്‍ദ്ദേശിച്ചു.
വിര്‍ച്വല്‍ ക്യാംപയിന്‍ സാധ്യമല്ലെന്ന് മജിസ്‌ട്രേറ്റിനെ ബോധിപ്പിക്കുന്ന രീതിയില്‍ ഏതെങ്കിലും സ്ഥാനാര്‍ത്ഥിയോ രാഷ്ട്രീയപാര്‍ട്ടിയോ സമീപിക്കുകയാണെങ്കില്‍ മാത്രം അനുമതി നല്‍കാവുന്നതാണ്. കൃത്യമായ അന്വേഷണത്തിന് ശേഷം മാത്രമേ ഇവര്‍ക്ക് അനുമതി നല്‍കാവൂ എന്നും കോടതി പറഞ്ഞു.
ഇത്തരം അടിയന്തിര സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥികള്‍ ഒരു നിശ്ചിത തുക മജിസ്‌ട്രേറ്റിനെ എല്‍പ്പിക്കണമെന്നും യോഗം നടക്കുന്ന സ്ഥലത്തെത്തുന്ന ജനങ്ങള്‍ക്ക് ആവശ്യമായ മാസ്‌കും സാനിറ്റൈസറുകളും ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.