ന്യൂഡെല്‍ഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പ്രോട്ടോകോള്‍ ലംഘനം നടത്തിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം. മുരളിധരനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ വസ്തുതയില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
യുഎഇ എംബസിയിലെ വെല്‍ഫെയര്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരാതി തള്ളിയത്. വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണ് പരാതികളില്‍ ഉന്നയിക്കപ്പെട്ടതെന്ന് വിദേശകാര്യമന്ത്രാലയം പറയുന്നു. ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂരാണ് പരാതി നല്‍കിയത്.
ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്‍ മന്ത്രിതല സമ്മേളനത്തില്‍ ഔദ്യോഗികപദവിയൊന്നും വഹിക്കാത്ത, ഒരുപി ആര്‍ കമ്പനി മാനേജറെ പങ്കെടുപ്പിച്ചത് ചട്ടലംഘനമാണെന്നാണ് പരാതിയില്‍ സലിം മടവൂര്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയിരുന്നത്. ഇതില്‍ ഗുരുതരമായ പ്രോട്ടോക്കോള്‍ ലംഘനമുണ്ടായിട്ടുണ്ട്. രാജ്യസുരക്ഷയെത്തന്നെ ബാധിക്കാമെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ പരാതിയില്‍ കഴമ്പില്ലെന്നും പ്രോട്ടോക്കോള്‍ ലംഘനം നടന്നിട്ടില്ലെന്നുമാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.