ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതം പറയുന്ന സിനിമ 800ല്‍ നിന്ന് വിജയ് സേതുപതി പിന്‍വാങ്ങി. ചിത്രം ഉപേക്ഷിക്കില്ലെന്ന് കഴിഞ്ഞ ദിവസം സേതുപതി വ്യക്തമാക്കിയിരുന്നവെങ്കിലും മുത്തയ്യ മുരളീധരന്‍ തന്നെ ചിത്രത്തില്‍ നിന്ന് പിന്‍മാറാന്‍ വിജയ് സേതുപതിയോട് ആവശ്യപ്പെട്ടതോടെയാണ് താരം പിന്മാറുന്നതായി പ്രഖ്യാപിച്ചത്.
ഈ സിനിമ ചെയ്താല്‍ വിജയ് സേതുപതിയുടെ കരിയറിന് അത് ദോഷം ചെയ്യുമെന്നതിനാല്‍ ഇതില്‍ നിന്ന് പിന്മാറണമെന്ന് വിജയ് സേതുപതിയോട് മുരളീധരന്‍ ആവശ്യപ്പെട്ടു. തമിഴ് നാട്ടിലെ ഏറ്റവും മികച്ച അഭിനേതാക്കളിലൊരാള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടാകണമെന്ന് താന്‍ ആഗ്രഹിക്കുന്നില്ലെന്ന് മുത്തയ്യ മുരളീധരന്‍ പറഞ്ഞു. ഈ സിനിമ മൂലം ഭാവിയില്‍ വിജയ് സേതുപതിക്ക് മുന്നില്‍ എന്തെങ്കിലും പ്രതിബന്ധങ്ങളുണ്ടാകാന്‍ പാടില്ല. പ്രൊഡ്യൂസര്‍മാര്‍ തനിക്ക് പകരം മറ്റൊരാളെ കണ്ടെത്തുമെന്നും സിനിമ ഉടന്‍ പുറത്തിറങ്ങുമെന്നും വിജയ് സേതുപതി പറഞ്ഞു. മുത്തയ്യ മുരളീധരന്‍ തമിഴില്‍ പുറത്തിറക്കിയ പ്രസ്താവന ട്വീറ്റ് ചെയ്ത വിജയ് സേതുപതി കുറിച്ചു – താങ്ക് യൂ, ഗുഡ്‌ബൈ.
ഈ മാസം എട്ടിനാണ് മുത്തയ്യ മുരളീധരന്റെ ജീവിത കഥ പറയുന്ന 800 എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷന്‍ പിക്ച്ചറും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. അന്നു മുതല്‍ വിജയ് സേതുപതിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.
ശ്രീലങ്കയിലെ തമിഴ് കൂട്ടക്കൊലയെ മുരളീധരന്‍ ന്യായീകരിച്ചുവെന്നും മഹിന്ദ രജപക്സയ്ക്കു അനുകൂല നിലപാടെടുത്തുവെന്നും ആരോപിച്ചായിരുന്നു വിജയ് സേതുപതിക്കെതിരായ പ്രതിഷേധം. ആരാധകര്‍ മാത്രമല്ല ഭാരതിരാജ ഉള്‍പ്പടെയുള്ള പ്രമുഖരും താരത്തിനെതിരെ രംഗത്തെത്തിയിരുന്നു. താരത്തിന്റെ പിന്‍മാറ്റത്തോടെ സിനിമ ഉപേക്ഷിച്ചോ എന്നത് വ്യക്തമല്ല.