അമൃത്സർ: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമത്തിനെതിരായ കര്‍ഷകപ്രക്ഷോഭത്തിനു പിന്തുണ പ്രഖ്യാപിച്ച് ബിജെപി പഞ്ചാബ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജിവച്ചു. ബിജെപിയുടെ പഞ്ചാബ് സംസ്ഥാന ജനറല്‍ സെക്രട്ടറി മല്‍വിന്ദര്‍ സിങ് കാങ് ആണ് രാജിവച്ചത്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം അടക്കം ഉപേക്ഷിക്കുകയാണെന്ന് അറിയിച്ച് സംസ്ഥാന പ്രസിഡന്റ് അശ്വനി ശര്‍മയ്ക്ക് മല്‍വിന്ദര്‍ കത്ത് നല്‍കി.
തങ്ങളുടെ ആവശ്യം കേള്‍ക്കാന്‍ പാര്‍ട്ടിയില്‍ ആരുമില്ലെന്നും പാര്‍ട്ടി ദേശീയ നേതൃത്വത്തിന് പഞ്ചാബിന് അനുകൂല നിലപാടില്ലെന്നും മല്‍വിന്ദര്‍ സിങ് ആരോപിച്ചു. ഓര്‍ഡിനന്‍സ് പാസാക്കിയ സമയത്തുതന്നെ പ്രശ്നം ഉന്നയിച്ചിരുന്നു. മോദി ചെയ്യുന്നതെല്ലാം ശരിയാണെന്ന നിലപാടാണ് ബിജെപിയിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ കര്‍ഷകരും തൊഴിലാളികളും ചെറുകിട വ്യാപാരികളും ആഴ്ച്ചകളായി ജനാധിപത്യപരമായ പ്രക്ഷോഭം നടത്തിവരികയാണ്.
കര്‍ഷകര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പരിഗണിച്ച് പ്രശ്‌നം പരിഹരിക്കാന്‍ ക്രിയാത്മക നടപടി സ്വീകരിക്കണമെന്ന് ബിജെപി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളോട് തുടര്‍ച്ചയായി അഭ്യര്‍ത്ഥിച്ചിട്ടും ഫലം ഉണ്ടായില്ലെന്നും അശ്വനി ശര്‍മയ്ക്ക് അയച്ച രാജിക്കത്തില്‍ കാങ് വ്യക്തമാക്കി. ബിജെപിയുടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ കര്‍ഷകരുടെ പ്രതിഷേധത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് തന്റെ രാജിയയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ബിജെപി നേതാക്കള്‍ ഇതേ കുറിച്ച് പ്രതികരിച്ചിട്ടില്ല. പഞ്ചാബിലെ കര്‍ഷകരുമയി സംസാരിക്കാന്‍ കേന്ദ്ര നേതൃത്വം കൂടുതല്‍ മന്ത്രിമാരെ നിയോഗിച്ച അതേസമയത്താണ് കാങ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്. തൊഴിലാളി-കര്‍ഷക ഐക്യം വിജയിക്കട്ടെ എന്ന് എഴുതിയാണ് അദ്ദേഹം കത്ത് അവസാനിപ്പിച്ചത്.