ന്യൂ ഡല്‍ഹി: ആളോഹരി ആഭ്യന്തര ഉത്പാദനത്തിന്റെ കാര്യത്തില്‍ ഇന്ത്യ ബംഗ്ലാദേശിന്റെ താഴെപ്പോകുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് മറുപടിയുമായി കേന്ദ്രം. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 2019ല്‍ ബംഗ്ലാദേശിനേക്കാൾ 11 ഇരട്ടിയാണെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.
അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) പുറത്തുവിട്ട വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്കില്‍ രാജ്യത്തെ ജിഡിപിയില്‍ 10.3 ശതമാനം ഇടുവുണ്ടാകുമെന്നും ബംഗ്ലാദേശ് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ തോതിനൊപ്പം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെത്തുന്നില്ലെന്നും വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെ വന്ന പ്രതിപക്ഷ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി വിദഗ്ദര്‍ രംഗത്തെത്തിയിരിക്കുന്നത്.
2014-15 കാലയളവില്‍ 83,091 രൂപയായിരുന്നു ആളോഹരി ആഭ്യന്തര ഉത്പാദനം. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 1,08,620 രൂപയായി ഉയർന്നു. 30.7 ശതമാനം വർധനവാണ് ഇത് കാണിക്കുന്നതെന്നാണ് വിദഗ്ദരുടെ അഭിപ്രായം. രണ്ടാം യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് ജിഡിപിയില്‍ 19.8 ശതമാനം വര്‍ദ്ധനവാണുണ്ടായതെന്നും അവര്‍ വ്യക്തമാക്കുന്നു. 2019ല്‍ ഇന്ത്യയുടെ ജിഡിപി ബംഗ്ലാദേശിനെ അപേക്ഷിച്ച് 11 മടങ്ങ് വര്‍ദ്ധന രേഖപ്പെടുത്തിയെന്നും വിദഗ്ദര്‍ കൂട്ടിച്ചേര്‍ത്തു- പിടിഐ റിപ്പോർട്ട്.
ജൂണിലെ വിലയിരുത്തലില്‍നിന്ന് കാര്യമായ ഇടിവാണ് ഐഎംഎഫ് പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടിലുള്ളത്. വേഗത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളില്‍ കൂടുതല്‍ തിരിച്ചടി ഇന്ത്യ നേരിടേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന 2021 മാര്‍ച്ച് 31 ഓടെ ഇന്ത്യയുടെ പ്രതിശീര്‍ഷ ഉത്പാദനം 1,877 ഡോളറായി കുറയുമെന്നാണ് പ്രവചനം. 4.5 ശതമാനംമാത്രം ഇടിവുണ്ടാകുമെന്നായിരുന്നു ജൂണിലെ വിലയിരുത്തല്‍. ബംഗ്ലാദേശിന്റേതാകട്ടെ 1,888 ഡോളറായി വര്‍ദ്ധിക്കുകയും ചെയ്യും- ഐഎംഎഫിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, 2021ല്‍ ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥായി ഇന്ത്യ കുതിക്കാനിടയുണ്ടെന്നും ചൈനയുടെ പ്രതീക്ഷിക്കുന്ന വളര്‍ച്ചാനിരക്കായ 8.2 ശതമാനത്തെ ഇന്ത്യ മറികടക്കുമെന്നും ഐഎംഎഫ് വിലയിരുത്തിയിരുന്നു. ഐഎംഎഫിന്റെയും ലോക ബാങ്കിന്റെയും വാര്‍ഷിക യോഗങ്ങള്‍ക്ക് മുന്നോടിയായാണ് പ്രസ്തുത റിപ്പോര്‍ട്ട് പുറത്തിറക്കിയത്.
എന്നാല്‍, വെറുപ്പില്‍ ചാലിച്ചെടുത്ത ദേശീയതയില്‍ രമിക്കുന്ന മോദി സര്‍ക്കാരിന്റെ കീഴില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച കീഴോട്ടാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പ്രതികരിച്ചത്. ഇന്ത്യന്‍ ജിഡിപിയെ അയല്‍ രാജ്യം ബംഗ്ലാദേശിന്റെ ജിഡിപി മറികടക്കുന്നത് വിദൂരമല്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
കഴിഞ്ഞ ആറുവര്‍ഷക്കാലമായുള്ള ബിജെപി സര്‍ക്കാരിന്റെ ഭരണ ക്ഷമതയില്ലാഴ്മയുടെ പരിണിതിയാണ് രാജ്യത്തിന്റെ തളര്‍ച്ചയെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ആറുവര്‍ഷത്തെ ഭരണ നേട്ടമെന്നത് മോദി സര്‍ക്കാര്‍ ഊട്ടി വളര്‍ത്തിയ വെറുപ്പിനെ ആധാരമാക്കിയുള്ള ദേശീയത മാത്രമാണെന്നും രാഹുല്‍ വിമര്‍ശിച്ചിരുന്നു.