ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 71 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 66,732 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 816 പേര്‍ മരിച്ചു. ആകെ മരണം 1,09,150 ആയി ഉയര്‍ന്നു.
ഒരാഴ്ചയ്ക്ക് ശേഷമാണ് വീണ്ടും രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം എഴുപതിനായിരത്തിന് താഴെ പോകുന്നത്. മരണ സംഖ്യയിലും താരതമ്യേനെ കുറവ് രേഖപ്പെടുത്തി. ഇതുവരെ വൈറസ് ബാധിച്ചത് 71,20,539 പേരെയാണ്. 61,49,536 പേര്‍ രോഗമുക്തി നേടി.
രാജ്യത്ത് കോവിഡ് വ്യാപനം തുടരുമ്പോഴും രോഗമുക്തി നിരക്ക് 86.36 എത്തിയത് ആശ്വാസം പകരുന്നു. മരണനിരക്ക് 1.53 ആയി കുറഞ്ഞു. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 10,792 പേര്‍ക്കാണ് രോഗം ബാധിച്ചത്. 309 പേര്‍ മരിച്ചു. ആകെ മരണം 40,349 ആയി. കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത മരണസംഖ്യയില്‍ 37 ശതമാനവും മഹാരാഷ്ട്രയിലാണ്. കര്‍ണാടക, കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും വൈറസ് ബാധ തീവ്രമായി തുടരുകയാണ്.