ഷാര്‍ജ: ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ നടന്ന ഐ.പി.എല്‍. ക്രിക്കറ്റ് മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് അഞ്ച് വിക്കറ്റ് ജയം. ത്. ഡല്‍ഹി ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം രണ്ട് പന്ത് ബാക്കിനില്‍ക്കെ മുംബൈ മറികടന്നു.
മുംബൈക്കു വേണ്ടി ക്വിന്റണ്‍ ഡി കോക്ക് (36 പന്തില്‍ മൂന്ന് സിക്സറും നാല് ഫോറുമടക്കം 53), സൂര്യകുമാര്‍ യാദവ് (32 പന്തില്‍ ഒരു സിക്സറും ആറ് ഫോറുമടക്കം 53) എന്നിവര്‍ അര്‍ധ സെഞ്ചുറികളടിച്ചു. ഡികോക്ക് ഓപ്പണിംഗ് വിക്കറ്റില്‍ രോഹിത് ശര്‍മയെ (5) കൂട്ടുപിടിച്ച് 31 റണ്‍സും പിന്നീടുവന്ന സൂര്യകുമാറുമായി ചേര്‍ന്ന് 46 റണ്‍സുമാണ് ചേര്‍ത്തത്.
വിജയത്തിലേക്ക് അനായാസം നീങ്ങിയ മുംബൈ തുടരെ മൂന്ന് വിക്കറ്റുകള്‍ വീണത് സമ്മര്‍ദത്തിലാക്കി. എന്നാല്‍ പൊള്ളാര്‍ഡും (11) കൃനാല്‍ പാണ്ഡ്യയും (12) ചേര്‍ന്ന് കൂടുതല്‍ പരിക്കേല്‍ക്കാതെ നീലക്കുപ്പായക്കാരെ വിജയത്തിലെത്തിച്ചു. ഇരുവരും പുറത്താകാതെ നിന്നു.
13-ാം സീസണില്‍ ആദ്യമായി ഫോമിലെത്തിയ ഓപ്പണര്‍ ശിഖര്‍ ധവാന് (52 പന്തില്‍ ഒരു സിക്സറും ആറ് ഫോറുമടക്കം പുറത്താകാതെ 69) ആണ് ഡല്‍ഹി ടീമിനെ തരക്കേടില്ലാത്ത സ്കോറിലെത്തിച്ചത്. ഓപ്പണര്‍ പൃഥി ഷാ (നാല്), അജിന്‍ക്യ രഹാനെ (15 പന്തില്‍ 15), മാര്‍നസ് സ്റ്റോനിസ് (എട്ട് പന്തില്‍ 13) എന്നിവരെ ക്ഷണത്തില്‍ നഷ്ടപ്പെട്ടെങ്കിലും നായകന് ശ്രേയസ് അയ്യരുടെ (33 പന്തില്‍ അഞ്ച് ഫോറുകളടക്കം 42) കൂട്ടുപിടിച്ച് ധവാന് ഇന്നിങ്സ് മുന്നോട്ടു നീക്കി. ധവാനും അയ്യരും ചേര്‍ന്നാണ് സ്കോര്‍ നൂറിലെത്തിച്ചത്. കൃനാല്‍ പാണ്ഡ്യയുടെ പന്തില്‍ ട്രെന്റ് ബോള്‍ട്ട് പിടിച്ചാണു ഡല്‍ഹി നായകന് മടങ്ങിയത്. വിക്കറ്റ് കീപ്പര്‍ അലക്സ് കാരി ഒന്‍പത് പന്തില്‍ 19 റണ്ണുമായി ധവാനു കൂട്ടായിനിന്നു. 39 പന്തിലാണ് ധവാന് അര്‍ധ സെഞ്ചുറി കടന്നത്. രണ്ട് വിക്കറ്റെടുത്ത കൃനാല്‍ പാണ്ഡ്യക്കും ഒരു വിക്കറ്റെടുത്ത ട്രെന്റ് ബോള്‍ട്ടിനും ഒഴികെയുള്ള മുംബൈ ബൗളര്‍മാര്‍ക്കു തിളങ്ങാനായില്ല. ജസ്പ്രീത് ബുംറ മൂന്ന് ഓവറില്‍ 37 റണ്‍ വഴങ്ങി.