ലക്‌നോ: ഹത്രാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ ജില്ലാ ഭരണകൂടം തടഞ്ഞു വച്ചിരിക്കുന്നുവെന്ന് ആരോപിച്ച് കുടുംബം സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതം പ്രകടിപ്പിച്ച് അലഹബാദ് ഹൈക്കോടതി. സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ ഹൈക്കോടതി പരിഗണിക്കുന്നത് ഉചിതമല്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ഹത്രാസ് പെണ്‍ക്കുട്ടിയുടെ കുടുംബത്തിന് വേണ്ടി അഖില ഭാരതീയ വാല്‍മീകി മഹാപഞ്ചായത്ത് സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലാണ് അലഹബാദ് ഹൈക്കോടതി നിർദേശം. സുപ്രിംകോടതി പരിഗണിക്കുന്ന വിഷയമായതിനാല്‍ ഹര്‍ജിക്കാര്‍ക്ക് പരമോന്നത കോടതിയെ തന്നെ സമീപിക്കാവുന്നതാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കുടുംബത്തെ വീട്ടുതടങ്കലിലാക്കിയെന്ന ആരോപണം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കോടതിയില്‍ നിഷേധിച്ചു. കുടുംബത്തിന് മതിയായ സുരക്ഷ ഏര്‍പ്പാടാക്കിയെന്നും വ്യക്തമാക്കിയിട്ടുണ്ടെന്ന്ും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
അതേസമയം, പ്രത്യേക അന്വേഷണ സംഘം ഇന്ന് പ്രദേശവാസികളുടെ മൊഴിയെടുക്കും. ഈമാസം 17ന് മുന്‍പ് അന്വേഷണം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് പ്രത്യേക അന്വേഷണ സംഘം. നാല്‍പതോളം പ്രദേശവാസികളുടെ മൊഴിയെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.