ദുബായ്: സണ്‍റൈസേഴ്‌സ് ടീമിലെ ഇന്ത്യന്‍ പേസ് താരമായ ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യന്‍ പ്രീമിയില്‍ ലീഗില്‍ നിന്നും പിന്മാറി. ഇടുപ്പിനേറ്റ പരിക്കിനെ തുടര്‍ന്നാണ് പിന്മാറ്റം. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഹൈദരാബാദ് ടീം മാനേജ്മെന്റോ ഭുവിയോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഭുവിയുടെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് പുറത്തുവന്നിട്ടില്ല. ഈ സീസണില്‍ മികച്ച ഫോമിലായിരുന്ന താരത്തിന്റെ അഭാവം ഹൈദരാബാദിന്റെ ബൗളിംഗ് കരുത്ത് കുറയ്ക്കുമെന്നും എഎന്‍ഐ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ദുബായില്‍ നടന്ന മത്സരത്തിനിടെയാണ് ഭുവനേശ്വറിന് പരിക്കേറ്റത്. മത്സരത്തില്‍ തന്റെ അവസാന ഓവര്‍ എറിയുന്നതിനിടെയാണ് സംഭവം.
“ഈ വര്‍ഷശത്ത ടൂര്‍ണമെന്റില്‍ തുടര്‍ന്ന് പങ്കെടുക്കാന്‍ ഭുവനേശ്വര്‍ കുമാറിന് സാധിക്കില്ല. അരക്കെട്ടിലെ പരിക്കിനെ തുടര്‍ന്ന് പുറത്തായിരിക്കുകയാണ്”-ടീമുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് വെളിപ്പെടുത്തി.
ഐപിഎല്ലില്‍ ഇത്തവണ നാലു മത്സരങ്ങളില്‍ നിന്ന് മൂന്ന് വിക്കറ്റാണ് ഭുവനേശ്വര്‍ കുമാര്‍ നേടിയത്.
അതേസമയം, പരിക്കേറ്റ ഡല്‍ഹി കാപിറ്റല്‍സ് താരം അമിത് മിശ്രയ്ക്ക് ഈ സീസണ് നഷ്ടമാകുമെന്ന വാര്‍ത്തകള്‍ വരുന്നുണ്ട്. കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ കഴിഞ്ഞ മത്സരത്തിനിടെയാണ് താരത്തിന്റെ വിരലിന് പരിക്കേറ്റത്. തന്റെ ആദ്യ ഓവറില്‍ നിതീഷ് റാണയുടെ റിട്ടേണ്‍ ക്യാച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പരിക്കേറ്റു. മിശ്രയ്ക്ക് പകരം ഇശാന്ത് ശര്‍മ ടീമിലേക്ക് തിരിച്ചെത്തും.