സൂര്യന്‍ അസ്തമിയ്ക്കാത്ത സാമ്രജ്യത്വത്തിന്റെ അവകാശികളായിരുന്നു ഗ്രേറ്റ് ബ്രിട്ടന്‍. ആഗോള തലത്തില്‍ കോളനി വാഴ്ചകള്‍ക്കെതിരെ വിമോചന സമരത്തിന്റെ കൊടുങ്കാറ്റുകള്‍ ആഞ്ഞു വീശിയപ്പോള്‍ കോളനി ഭരണം വിട്ടൊഴിഞ്ഞ് പോകേണ്ടി വന്നു. എങ്കിലും കോളനി ഭരണ തിരുശേഷിപ്പുകള്‍ നിലനിറുത്തുന്നതിലുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കപ്പെട്ടു. അത് പല രൂപത്തിലും ഭാവത്തിലും – കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളെന്ന പേരിലടക്കം – നിലനിന്നുപോന്നു. അവയെ പക്ഷേ കാലം കയ്യൊഴിയുന്നു കാഴ്ചകള്‍.
ബ്രിട്ടിഷ് കോളനി വാഴ്ച്ചയുടെ തിരുശേഷിപ്പുകള്‍ ബാര്‍ബഡോസ് ജനത കയ്യൊഴിക്കുന്ന കാഴ്ചയാണീപ്പോള്‍. ബ്രിട്ടന്റെ കൊളോണിയല്‍ വാഴ്ച്ചയുടെ അടയാളങ്ങള്‍ ബാധ്യതയാണെന്ന ശക്തമായ തിരിച്ചറിവിന്റെ പാതയിലേറി കഴിഞ്ഞു കരീബിയന്‍ രാഷ്ട്രം ബാര്‍ബഡോഡ്. ഇനി മുതല്‍ ബ്രിട്ടിഷ് രാജ്ഞിയുടെ അധികാര പദവി ബാര്‍ബഡോോസില്‍ വേണ്ടെന്ന ഐതിഹാസിക. നിലപാട് സ്വീകരിച്ചിരിക്കുന്നു ബാര്‍ബഡോസ് ജനത.
ബാര്‍ബഡോസിന്റെ ഔദ്യോഗിക രാഷ്ട്രത്തലവനാണ് ബ്രിട്ടിഷ് രാജ്ഞി. ബ്രിട്ടിഷ് കൊളോണിയല്‍ വാഴ്ച്ചയുടെ ബാക്കിപത്രമായാണ് ബാര്‍ബഡോസ് എന്ന കരീബിയന്‍ രാഷ്ട്രത്തിന്റെ തലവനെന്ന പദവി ബ്രിട്ടിഷ് രാജവംശം പതിറ്റാണ്ടുകളായി കയ്യടക്കിവച്ചു പോരുന്നത്. ഈ അധികാര പദവിയില്ലാതാക്കി ബാര്‍ബഡോസ് പരമാധികാര റിപ്പബ്ലിക്കാകുകയാണ്.
ബ്രിട്ടിഷ് കൊളോണയില്‍ ഭരണത്തില്‍ നിന്ന് 1966 ലാണ് ബാര്‍ബഡോസ് സ്വാതന്ത്ര്യം നേടുന്നത്. ഇതിനുശേഷവും മുന്‍ ബ്രിട്ടീഷ് കോളനിയെന്ന നിലയില്‍ ബാര്‍ബഡോസ് ബ്രിട്ടിഷ് രാജവാഴ്ചയുമായി ഔദ്യോഗിക ബന്ധം പുലര്‍ത്തിപോരുകയാണ്. കൊളോണിയല്‍ ഭരണത്തില്‍ നിന്ന് മോചനം ലഭിച്ചിട്ടും ചില രാഷ്ട്രങ്ങള്‍ ബ്രിട്ടിഷ് സാമ്രാജ്യത്തോടുള്ള കടപ്പാടിന്റെ സൂചകമെന്ന നിലയില്‍ ബ്രിട്ടിഷ് രാജാവിനെ രാഷ്ട്ര തലവനെന്ന പദവിയില്‍ അവരോധിക്കുന്ന രീതി നിലനില്‍ക്കുന്നു. എന്നാല്‍ ആ രീതിക്ക് തിരിശ്ശിലയിട്ട് കോളനി വാഴ്ചയുടെ ശേഷിക്കുന്ന കെട്ടുപ്പാടുകളും അവസാനിപ്പിക്കുകയാണ് ബാര്‍ബഡോസ്.
കൊളോണിയല്‍ ഭൂതകാലത്തെ പൂര്‍ണ്ണമായും ഉപേക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് പ്രധാനമന്ത്രി മിയ മോട്ലിക്ക് വേണ്ടി ബാര്‍ബഡോസ് ഗവര്‍ണര്‍ ജനറല്‍ സാന്ദ്ര മേസത്തിന്റെ പ്രഖ്യാപനം.
‘ബാര്‍ബഡിയന്‍ ജനതക്ക് സ്വന്തമായൊരു ബാര്‍ബഡിയന്‍ രാഷ്ട്രത്തലവന്‍ വേണം. ഞങ്ങള്‍ ആരാണെന്നും നേട്ടങ്ങള്‍ കൊയ്യാന്‍ ഞങ്ങള്‍ പ്രാപ്തരാണെന്നുമുള്ള ആത്മവിശ്വാസത്തിന്റെ ആത്യന്തിക പ്രഖ്യാപനമാണിത്. അതിനാല്‍ ബാര്‍ബഡോസ് സമ്പൂര്‍ണ്ണ പരമാധികാര ത്തിലേക്കുള്ള യുക്തിസഹമായ നടപടി കൈക്കൊള്ളുകയാണ്. ഞങ്ങള്‍ സ്വാതന്ത്ര്യത്തിന്റെ 55-ാം വാര്‍ഷികം ആഘോഷിക്കു മ്പോഴേക്കും ഞങ്ങളുടെ രാജ്യം റിപ്പബ്ലിക്കായിമാറും. അടുത്ത വര്‍ഷം നവംബറിലാണ് വാര്‍ഷികം’, ഗവര്‍ണര്‍ ജനറല്‍ സാന്ദ്ര മേസണ്‍ വ്യക്തമാക്കി.
കാലത്തിന്റെ അനര്‍ത്ഥവും അനിശ്ചിതത്വവും ഞങ്ങളുടെ അടിത്തറയെ ഊട്ടിയുറപ്പിക്കാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നു. നമ്മുടെ പരമ്പരാഗത ഘടനകളെ ഉയര്‍ത്തിക്കാണിക്കുകയാണ്. ശക്തവും കൂടുതല്‍ ഊര്‍ജ്ജസ്വലവും സുസ്ഥിരവുമായ രൂപകല്പന കണ്ടെത്തുകയാണ് ഞങ്ങള്‍. ആ രൂപകല്പനയുടെ പിന്‍ബലത്തില്‍ ഭാവി തലമുറയ്ക്കായ് നമുക്ക് നിലവിലുള്ളതും ആധുനികവുമായ ഘടന കെട്ടിപ്പൊക്കാന്‍ ഞങ്ങള്‍ക്ക് കഴിയും’, മേസന്‍ ഒരു പത്രത്തിനോട് പറഞ്ഞു.
ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രസ്ഥാനം ആഗോളവല്‍ക്കരിക്കപ്പെടുന്നതിന്റെ പ്രതീകമാണ് ബാര്‍ബഡോസ് റിപ്പബ്ലിക്കാകാനുള്ള നീക്കം. വാഷിംഗ്ടണ്‍ ഡിസി ആസ്ഥാനമായുള്ള അഭിഭാഷക സമിതി മേധാവി ക്രിസ്റ്റന്‍ ക്ലാര്‍ക്കിന്റെ വാക്കുകളാണിത്. ബാര്‍ബഡോസ് റിപ്പബ്ലിക്കായി മാറുകയെന്ന ആശയം 1970 കളില്‍ ചര്‍ച്ചചെയ്യപ്പെട്ടു തുടങ്ങിയതാണെന്നാണ് ‘ബാര്‍ബഡോസ് ടുഡേ’ എഴുതിയത്. സവിശേഷമായ ഭരണ സംവിധാനങ്ങളും സ്ഥാപനങ്ങളും ബാര്‍ബഡോസ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ഭരണം കാഴ്ച്ചവയ്ക്കുന്ന കറുത്ത സമൂഹമെന്നാണ് ബാര്‍ബഡോസ് വിശേഷിപ്പിക്കപ്പെടുന്നത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം ദേശ രാഷ്ട്രമെന്ന നിലയില്‍ നിയമ വ്യവസ്ഥകള്‍ക്ക് രൂപം നല്‍കി.
നിയമവ്യവസ്ഥകള്‍ പരിഷ്‌കരിക്കപ്പെടുന്നു. ഭരണസംവിധാനങ്ങള്‍ മികവുറ്റതാക്കാര്‍ നിരന്തര പരിശ്രമങ്ങള്‍. മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള ഭരണ മാതൃക ഉറപ്പാക്കുന്നതിലും ബാര്‍ബഡോസ് ജനത മുന്‍പന്തിയിലാണ്.
അവലംബം: അല്‍ – ജസീറ