കൊറോണ കാലത്ത് ലോകമെമ്പാടുമുള്ള ബിസിനസുകള്‍ നഷ്ടം നേരിട്ടെങ്കിലും ടെസ്ല, ആപ്പിള്‍ തുടങ്ങിയ ചില ടെക് കമ്പനികള്‍ മികച്ച മുന്നേറ്റമാണ് കാഴ്ചവെച്ചത്. കഴിഞ്ഞ ആഴ്ച്ചകളില്‍ ടെസ്ല, ആപ്പിള്‍ ഓഹരികള്‍ കുതിച്ചുകയറിയുരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ് ലോകത്തിലെ ഏറ്റവും മൂല്യവത്തായ കമ്പനിയായി ആപ്പിള്‍ 2 ട്രില്യണ്‍ ഡോളര്‍ ആസ്തിയില്‍ എത്തിയത്.
എന്നാല്‍, പുതിയ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ദിവസങ്ങളില്‍ ആപ്പിളിന് വന്‍ നഷ്ട്ടമാണ് നേരിടേണ്ടി വന്നത്. സെപ്റ്റംബര്‍ 4 ന് ആപ്പിളിന്റെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന് ഒരു ദിവസം 180 ബില്യണ്‍ ഡോളര്‍ (ഏകദേശം 1,323,459 കോടി രൂപ) ഇടിഞ്ഞു. ധനകാര്യ പ്രസിദ്ധീകരണം ബാരണിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇത് ഒരു കമ്പനി ഇതുവരെ നേരിട്ടതില്‍ വച്ച് ഏറ്റവും വലിയ ഏകദിന നഷ്ടമാണ്. ഏറ്റവും മോശമായ കാര്യം, അടുത്ത ദിവസം തന്നെ ആപ്പിളിന്റെ ഓഹരികള്‍ അഞ്ച് ശതമാനത്തോളം ഇടിഞ്ഞു എന്നതാണ്. ഇതോടെ 2 ട്രില്യണ്‍ ഡോളര്‍ ആസ്തിയുള്ള കമ്പനിയെന്ന പേരും ആപ്പിളിനു നഷ്ടപ്പെട്ടു.
ഇതിനു മുന്‍പ് 2008 ല്‍ കാര്‍ നിര്‍മാതാക്കളായ ഫോക്സ്വാഗനാണ് ഒരു ദിവസം ഇത്രയും വലിയ നഷ്ടം സംഭവിച്ചത്. അന്ന് 153 ബില്യണ്‍ ഡോളര്‍ നഷ്ടമാണ് ഫോക്സ്വാഗന് നഷ്ടപ്പെട്ടത്. എന്നാല്‍ ആപ്പിളിന്റെ ഇപ്പോഴത്തെ ഇടിവിന് കാരണം ഓഹരികള്‍ ഗണ്യമായി വില്‍ക്കുന്നതാണ്. എന്നാല്‍, ഇതൊരു വലിയ പ്രതിസന്ധിയൊന്നുമല്ല. ഇപ്പോള്‍ പോലും ആപ്പിളിന്റെ ഓഹരി വില മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് ഇരട്ടിയാണ്.