ഓണ്‍ലൈന്‍ ചൂതാട്ട ഗെയിമുകളായ റമ്മി, പോക്കര്‍ എന്നിവയെ നിരോധിച്ച് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഉത്തരവിറക്കിയത് കഴിഞ്ഞ ദിവസമാണ്. യുവാക്കളെ തെറ്റായ വഴിയിലേക്ക് ഓണ്‍ലൈന്‍ ചൂതാട്ടം തള്ളിവിടുന്നെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു നടപടി. സര്‍ക്കാര്‍ ഉത്തരവ് ലംഘിക്കുന്നവരെ കര്‍ശനമായി ശിക്ഷിക്കാനാണ് മന്ത്രിസഭ തീരുമാനം. ആന്ധ്രാപ്രദേശ് മാത്രമല്ല മഹാരാഷ്ട്രയും തെലങ്കാനയും ഓണ്‍ലൈന്‍ ചൂതാട്ടമെന്ന സാമൂഹിക തിന്മയുടെ പ്രത്യാഘാതങ്ങള്‍ തിരിച്ചറിഞ്ഞ് നേരത്തെ തന്നെ നിയമ നിര്‍മ്മാണം നടത്തിക്കഴിഞ്ഞു. ചൂതാട്ട റാക്കറ്റുകളുടെ വിളനിലമാകുന്ന കേരളവും അടിയന്തര നടപടികള്‍ കൈക്കൊള്ളേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
1867 ലെ ഇന്ത്യൻചൂതാട്ട നിയമപ്രകാരം ചൂതാട്ടം സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍ ഉള്‍പ്പെടുന്നു. ബോംബെ വേജ്ർ ആക്ട്-2019 എന്ന പേരിലാണ് മഹാരാഷ്ട്ര സർക്കാർ ഓൺലൈൻ ചൂതാട്ട സ്ഥാപനങ്ങളെ സംസ്ഥാനത്തിൻ്റെ പടിക്ക് പുറത്തുനിര്‍ത്തിയിരിക്കുന്നത്. തെലുങ്കാന സർക്കാർ ഓർഡിനൻസ് (2017 ജൂൺ 17) ഓൺലൈൻ ചൂതാട്ടം നിയമവിരുദ്ധമാക്കി. 1996 ലെ വിചിത്രമായ വിധിയില്‍ സുപ്രീംകോടതി പരാമര്‍ശിച്ചതുപോലെ ചൂതാട്ടം വൈദഗ്ദ്യത്തിന്‍റെ കളിയല്ലെന്ന് മനസ്സിലാക്കി ഓൺലൈൻ ചൂതാട്ട കളികൾക്കെതിരെ കുരുക്ക് മുറുക്കുകയായിരുന്നു തെലുങ്കാന സര്‍ക്കാരിന്‍റെ ഓര്‍ഡിനന്‍സ്.
ഈ വർഷം ജൂലൈ 24 ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഓൺലൈൻ റമ്മി, കാർഡ് ഗെയിംസ് തുടങ്ങിയ പണം വെച്ച് നടത്തുന്ന ചൂതാട്ടങ്ങൾക്കെതിരെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിയമം പാസാക്കണമെന്ന് നിരീക്ഷിക്കുകയുണ്ടായി. ഈ ആഹ്വാനം മുഖവിലയ്ക്കെടുക്കേണ്ടത് ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍ നിയന്ത്രണമേറ്റെടുക്കുന്ന സാഹചര്യത്തില്‍ അനിവാര്യമാണ്. ചൂതാട്ടങ്ങൾ യുവാക്കളുടെ വിലപ്പെട്ട സമയവും ചിന്താശേഷിയും നശിപ്പിക്കുന്നതിനും അത് പിന്നീട് വലിയ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുന്നതിനും കാരണമാകുന്നു എന്നാണ് മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് പുകളേന്തി കേസ് പരിഗണിക്കവെ നിരീക്ഷിച്ചത്.
കേരളം ചിന്തിക്കാന്‍ സമയമായി
ഒറ്റ നമ്പർ ലോട്ടറിയെ ചൂതാട്ടമായികണ്ട് പൊലീസ് അന്വേഷണ സംവിധാനങ്ങൾക്ക് രൂപം നൽകുമെന്ന് വിഎസ് അച്യുതാനന്ദൻ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നപ്പോള്‍ തോമസ് ഐസക്ക് നിയമസഭയിൽ പറഞ്ഞിരുന്നു. അന്ന് എംഎൽഎയായിരുന്ന ബാബു എം പാലിശ്ശേരിയുൾപ്പെടെയുള്ളവർക്ക് നല്‍കിയ മറുപടിയിലായിരുന്നു ഡോ.ഐസക്കിന്‍റെ പരാമര്‍ശം. എന്നാല്‍, സംവിധാനങ്ങൾ പ്രഖ്യാപിക്കപ്പെട്ടിട്ടും ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടക്കാർ ഇപ്പോഴുമതിൻ്റെ സാധ്യതകൾ ഉപയുക്തമാക്കുന്നുണ്ട്.
ഓൺലൈൻ ചൂതാട്ട നിരോധന നിയമത്തെക്കുറിച്ച് ചിന്തിക്കാൻ കേരള സർക്കാര്‍ ഇനിയും വൈകരുത്. ഓൺലൈൻ ചൂതാട്ടത്തിൽ പണം നഷ്ടപ്പെടുന്നവരുടെ എണ്ണം പെരുകുന്നു. ചൂതാട്ടം കുടുംബാന്തരീക്ഷങ്ങളെ പാടെ വഷളാകുന്നു. ചതിക്കുഴിയില്‍ വീഴുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നു. വാര്‍ത്തയാകുന്ന സംഭവങ്ങളെക്കാള്‍ കൂടുതല്‍ തമസ്കരിക്കപ്പെടുന്നു. ഈ യാഥാർത്ഥ്യം അവഗണിക്കപ്പെടുന്നത് കേരളത്തിൻ്റെ സാമൂഹിക അന്തരീക്ഷം കീഴ്മേല്‍ മറിക്കും.
ഓൺലൈൻ ചൂതാട്ടത്തിലെ കോടികളുടെ സാമ്പത്തിക ഇടപാടുകളിന്മേലുള്ള നികുതിയെത്രയെന്നതിൽ ഇനിയും വ്യക്തതയില്ല. വിനോദമാണെങ്കിൽ 30 ശതമാനം നികുതി ചുമത്താം. 2017 ജൂലായിൽ ജിഎസ്ടി നടപ്പിലാക്കിയതോടെ വിനോദ നികുതിയെന്നത് ഇല്ലാതായി. ജിഎസ്ടിയാകട്ടെ ഇപ്പോഴും ശൈശവദശയിലെന്ന് തന്നെ പറയാം.
കരയിലല്ലാത്ത ചൂതാട്ടങ്ങൾ (offshore casinos – ഗോവ ഒരു ഉദാഹരണം), ലോട്ടറികൾ, ക്രോസ്വേഡ് പസിലുകൾ, റേസുകൾ, പോക്കർ ഗെയിമുകൾ (ഒരു തരം ചീട്ടുകളി) തുടങ്ങിയ അടിസ്ഥാനപരമായ എല്ലാ ചൂതാട്ടുങ്ങളും 30 ശതമാനം നികുതി നിരക്കിലാണ് (Section 115B of the Income Tax Act, 1961). ആദായ നികുതി നിയമത്തിൻ്റെ ഈ സെക്ഷനിൽ പറയുന്ന “അടിസ്ഥാനപരമായ എല്ലാ ചൂതാട്ട”ങ്ങളിൽ ഓൺലൈൻ ചൂതാട്ടമെന്നതിൻ്റെ നികുതി ഘടന അവ്യക്തമാണ്. നിലവിലെ ഈ സെക്ഷനുമായിതട്ടിച്ചു നോക്കുമ്പോൾ ഓൺലൈൻ ചൂതാട്ട സാമ്പത്തിക ഇടപ്പാടുകളിൽ നഷ്ടപ്പെടുന്ന നികുതി കോടികളാണെന്നത് വ്യക്തം.
ഓൺലൈൻ ചൂതാട്ട സ്ഥാപനങ്ങളും ഒരു കളിക്കാരൻ 10000 രൂപയിൽ കൂടുതൽ പിൻവലിക്കുമ്പോൾ 30 ശതമാനം ടിഡിഎസ് (ഉറവിടത്തിൽ നികുതി കുറക്കൽ) ഈടാക്കുന്ന രീതിയാണ് പിന്തുടരുന്നത്. ഇത് നിയമപരമായ നികുതി വ്യവസ്ഥയല്ല. സൗകര്യാധിഷ്ഠിത പ്രയോഗ രീതി മാത്രം. നിയമപരമായ ബാധ്യതയില്ലെന്ന് സാരം. അതുകൊണ്ടുതന്നെ ഓൺലൈൻ ചൂതാട്ട സ്ഥാപനങ്ങൾ ഉറവിടത്തിൽ നിന്ന് നികുതി ഈടാക്കുന്നില്ല.
വിനോദം, ചൂതാട്ടം, വാതുവയ്പ്പ് എന്നിവയ്ക്ക് നികുതി ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ല. കാരണം ഇവ ജിഎസ്ടിയിലുൾപ്പെടുന്നു. രാജ്യത്തെ ഏക നികുതി സമ്പ്രദായമനുസരിച്ച് നികുതി പരിഷ്ക്കാരത്തെക്കുറിച്ചുള്ള മൗലികമായ തീരുമാനങ്ങൾ കൈകൊള്ളേണ്ടത് ജിഎസ്ടി കൗൺസിലാണ്. കേന്ദ്ര ധനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഏറ്റവുമൊടുവിൽ 2020 ആഗസ്ത് 27 ന് 41ാമത് ജിഎസ്ടി കൗൺസിൽ യോഗം ചേർന്നു. അവിടെയും പക്ഷേ ഓൺലൈൻ ചൂതാട്ട നികുതി ഘടനയെക്കുറിച്ച് ആരും മിണ്ടിയതേയില്ല. ഇതിനിടെ സേവനങ്ങളുടെ വിഭാഗത്തിൽ വാതുവെപ്പ്, ചൂതാട്ടം എന്നിവയിൽ ഭരണഘടന ഭേദഗതി വരുത്തിയെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിലും പക്ഷേ ഇനിയും ആശയക്കുഴപ്പം ഇല്ലാതായിട്ടില്ല.
സാമൂഹിക തിന്മയെ ഊട്ടിയുറപ്പിക്കുന്ന ഓൺലൈൻ ചൂതാട്ടത്തിന് തടയിടുവാനുള്ള സംസ്ഥാനത്തിന്‍റെ അധികാരം യഥാസമയം വിനിയോഗിക്കുവാൻ ഭരിക്കുന്നവർ തയ്യാറാകണം. ഇല്ലെന്നാണെങ്കിൽ എല്ലാർത്ഥത്തിലുമതിന് വലിയ വില കൊടുക്കേണ്ടിവരും.