ബാഴ്‌സലോണ: അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി സ്പാനിഷ് ക്ലബ് ബാര്‍സലോണ വിടുന്നു. ക്ലബുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്നാണ് തീരുമാനമെന്ന് സൂചന. ബോര്‍ഡ് യോഗത്തില്‍ ക്ലബിനൊപ്പം തുടരാന്‍ താല്‍പര്യമില്ലെന്ന് മെസി ഫാക്‌സ് സന്ദേശത്തില്‍ അറിയിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഈ മാസത്തിന് ശേഷം ക്ലബ് വിടാമെന്ന കരാറിലെ നിബന്ധന അനുസരിച്ചാണ് മെസ്സി ട്രാന്‍സ്ഫറിനുള്ള അപേക്ഷ നല്‍കിയിട്ടുള്ളത്. അപേക്ഷ ലഭിച്ചയുടന്‍ ബാഴ്‌സ ക്ലബ് ഡയറക്ടര്‍മാര്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഇതോടെ ക്ലബുമായിയുള്ള 19 വര്‍ഷത്തെ ബന്ധമാണ് അവസാനിക്കുക. അതേസമയം മെസ്സി ബാഴ്സ വിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ക്ലബ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മെസ്സിയുടെ തീരുമാനത്തിന് പിന്തുണ പ്രഖ്യാപിച്ച് സഹതാരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.
2004 ലാണ് മെസ്സി ബാഴ്സലോണയ്ക്കായി അരങ്ങേറ്റം കുറിച്ചത്. ആറ് തവണ ബാലണ്‍ ഡി ഓര്‍ ജേതാവായ മെസ്സി, ക്ലബ്ബില്‍ ഉണ്ടായിരുന്ന സമയത്ത് 10 ലീഗ് കിരീടങ്ങള്‍ നേടാന്‍ ബാഴ്സലോണയെ സഹായിച്ചിട്ടുണ്ട്. നാല് തവണ ചാമ്പ്യന്‍സ് ലീഗും നേടി.