സുരേഷ് റെയ്‌ന രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ക്രിക്കറ്റില്‍ നിന്നും വിടവാങ്ങുന്ന കാര്യം റെയ്‌നയും ആരാധകരെ അറിയിച്ചത്.
“അത്, ഒന്നുമായിരുന്നില്ലെങ്കിലും നിങ്ങൾക്കൊപ്പം കളിച്ചത് ഏറ്റവും ഇഷ്ടപ്പെട്ട നിമിഷങ്ങളായിരുന്നു മഹിദാ. അഭിമാനം നിറഞ്ഞ ഹൃദയത്തോടെ ഈ യാത്രയിൽ നിങ്ങൾക്കൊപ്പം ചേരുന്നു. നന്ദി ഇന്ത്യ. ജയ് ഹിന്ദ്!”- റെയ്‌ന ഇൻസ്റ്റാഗ്രാമില്‍ കുറിച്ചു.
ധോണി ക്യാപ്റ്റനായിരുന്ന കാലത്ത് ഇന്ത്യൻ ടീമിലെ സ്ഥിര സാന്നിദ്ധ്യമായിരുന്ന റെയ്ന, പിന്നീട് ടീമിൽനിന്ന് പുറത്തായി. ഐപിഎൽ ടീമായ ചെന്നൈ സൂപ്പർകിങ്സിനുവേണ്ടി ഒരുമിച്ചു കളിക്കുന്നവരാണ് ധോണിയും റെയ്നയും.
2018 -ലെ ഇംഗ്ലണ്ട് പര്യടനത്തിലാണ് റെയ്‌ന അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. അന്ന് രണ്ടു ഏകദിനങ്ങളില്‍ നിന്ന് 106 റണ്‍സ് അടിച്ചിട്ടും റെയ്‌നയ്ക്ക് രണ്ടാമതൊരു അവസരം കിട്ടിയില്ല. ടീമില്‍ തനിക്ക് അവസരം ലഭിക്കാത്തതിന്റെ നിരാശ അടുത്തിടെ പരസ്യമായി റെയ്‌ന പങ്കുവെയ്ക്കുകയുമുണ്ടായി.
ഇന്ത്യ കണ്ട മികച്ച മധ്യനിര ബാറ്റ്‌സ്മാന്മാരില്‍ ഒരാളാണ് സുരേഷ് റെയ്‌ന. 21 ആം നൂറ്റാണ്ടില്‍ ഇന്ത്യ രണ്ടുതവണ കിരീടമുയര്‍ത്തിയപ്പോഴും റെയ്‌ന ടീമിലുണ്ടായിരുന്നു. ഇന്ത്യയ്ക്കായി 226 ഏകദിനങ്ങളാണ് റെയ്‌ന കളിച്ചിരിക്കുന്നത്. 35.31 ബാറ്റിങ് ശരാശരിയില്‍ 5,615 റണ്‍സ് ഏകദിനത്തില്‍ താരം സമ്പാദിച്ചു. 5 സെഞ്ച്വറികളും 36 അര്‍ധ സെഞ്ച്വറികളും ഇതില്‍പ്പെടും. ഇതേസമയം, റെയ്‌നയുടെ ടെസ്റ്റ് കരിയര്‍ ഏറെ ശോഭനമല്ല. 18 മത്സരങ്ങളാണ് ടെസ്റ്റില്‍ റെയ്‌ന കളിച്ചിരിക്കുന്നത്. കുറിച്ചതാകട്ടെ 768 റണ്‍സും. ബാറ്റിങ് ശരാശരി 26.46. ട്വന്റി-20 ഫോര്‍മാറ്റില്‍ 29.18 റണ്‍സ് ശരാശരിയില്‍ 1,605 റണ്‍സ് റെയ്‌ന നേടിയിട്ടുണ്ട്. നിലവില്‍ ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റിലും സെഞ്ച്വറി തികച്ച രണ്ടു ഇന്ത്യന്‍ താരങ്ങളില്‍ ഒരാളാണ് സുരേഷ് റെയ്‌ന. രോഹിത് ശര്‍മയാണ് ഈ നേട്ടം കയ്യടക്കുന്ന മറ്റൊരു താരം.
അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയെങ്കിലും അടുത്തമാസം തുടങ്ങുന്ന ഐപിഎല്ലിൽ ചെന്നൈ സൂപ്പർകിങ്സിനുവേണ്ടി ധോണിയും റെയ്നയും കളത്തിലിറങ്ങും. ഐപിഎല്ലിനായി യുഎഇയിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി ഇരുവരും സിഎസ്കെയുടെ പരിശീലന ക്യാമ്പിനായി ചെന്നൈയിലെത്തിയിട്ടുണ്ട്.