ന്യൂഡല്‍ഹി: കൊറോണ പ്രതിസന്ധിയില്‍ ചെലവ് ചുരുക്കല്‍ ലക്ഷ്യമിട്ട് അഞ്ച് യൂറോപ്യന്‍ സ്റ്റേഷനുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചു. കോപ്പന്‍ഹേഗന്‍, വിയന്ന, സ്റ്റോക്ഹോം, മാഡ്രിഡ്, മിലന്‍ എന്നിവിടങ്ങളിലെ പ്രവര്‍ത്തനമാണ് നിര്‍ത്തുന്നത്.
കോവിഡ് ഭീതി മാറി വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചാലും എയര്‍ ഇന്ത്യ ഈ വ്യോമത്താവളങ്ങളിലേക്ക് സര്‍വീസ് നടത്തില്ല. സ്റ്റേഷനുകളിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാനും അന്താരാഷ്ട്ര ബുക്കിങ് ഓഫീസുകള്‍ അടയ്ക്കാനും നിര്‍ദ്ദേശം നല്‍കി. ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഉടന്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിച്ചാലും യാത്രക്കാരുടെ എണ്ണത്തില്‍ വലിയ മാറ്റമുണ്ടാകില്ല. ഈ സാഹചര്യത്തിലാണ് തീരുമാനം. ആകെ 60 ആഭ്യന്തര-അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കാണ് നിലവില്‍ എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്നത്.