ന്യൂഡൽഹി: ഇന്ത്യൻ ഹോക്കി താരം മൻദീപ് സിങ്ങിനും കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ഹോക്കി ടീമിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം ആറായി. നേരത്തെ ഇന്ത്യൻ ക്യാപ്റ്റൻ മൻപ്രീത് സിങ്ങ്, സുരേന്ദർ കുമാർ, ജസ്കരൻ സിങ്ങ്, വരുൺ കുമാർ, കൃഷ്ണൻ ബഹദൂർ പഥക് എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഓഗസ്റ്റ് 20-ന് ബെംഗളൂരുവിൽ തുടങ്ങുന്ന ദേശീയ ക്യാമ്പിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് താരത്തിന് രോഗം സ്ഥിരീകരിച്ചതെന്നും രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ലെന്നും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വാർത്താകുറിപ്പിൽ പറയുന്നു. രോഗം ബാധിച്ച മറ്റു താരങ്ങൾക്കൊപ്പം മൻദീപിനേയും ചികിത്സിക്കും.
പോസിറ്റീവായ താരങ്ങളെല്ലാം ചെറിയ ലക്ഷണങ്ങൾ മാത്രമാണ് കാണിച്ചിരുന്നത്. ആറു താരങ്ങളും പൂർണ ആരോഗ്യവാൻമാരണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡോക്ടർമാർ വ്യക്തമാക്കി.