ഇന്ത്യയിലെ ബിസിനസ് പുരോഗതിയുടെ നാളുകളിലേക്ക് തിരിച്ചെത്താന്‍ വൈകുമെന്ന് ആഗോള പ്രവചന ഏജന്‍സിയായ ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സ്. കോവിഡ് പ്രതിസന്ധിയില്‍ നിന്നു കരകയറാനുള്ള നീക്കത്തില്‍ നേരിയ ആത്മവിശ്വാസം കൈവരിക്കാന്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്കു കഴിഞ്ഞിട്ടുണ്ടെങ്കിലും നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ (ഒക്ടോബര്‍-ഡിസംബര്‍) ജിഡിപി വളര്‍ച്ചാ നിരക്ക് വീണ്ടും താഴുമെന്ന് നിരീക്ഷണം.
ബിസിനസ് പുരോഗതിയുടെ നാളുകളിലേക്ക് തിരിച്ചെത്താന്‍ ഏറ്റവും കൂടുതല്‍ സമയം എടുക്കുന്ന രാജ്യമായിരിക്കും ഇന്ത്യയെന്നും ഏജന്‍സി ചൂണ്ടിക്കാട്ടുന്നു. സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങള്‍ നല്ല ഫലങ്ങളുണ്ടാക്കിയിരുന്നെന്ന് ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2019-20 ല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 4.2 ശതമാനമായിരുന്നു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ധന വാണിജ്യ വകുപ്പുകളിലെ മുതിര്‍ന്ന 50 ഉദ്യോഗസ്ഥരുമായി കഴിഞ്ഞയാഴ്ച ചര്‍ച്ച നടത്തിയിരുന്നു. കൂടുതല്‍ ഇടപെടലുകളും പദ്ധതികളും ആവിഷ്‌കരിക്കേണ്ടതിന്റെ സാധ്യതകളാണു ചര്‍ച്ച ചെയ്തത്. ആവശ്യമെങ്കില്‍ കൂടുതല്‍ പാക്കേജുകള്‍ ഉണ്ടാകുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയിരുന്നു.