ഐപിഎല്ലിന് വേദിയൊരുക്കാമെന്ന് പറഞ്ഞിട്ടില്ലെന്ന് ന്യൂസിലാന്‍ഡ്. തെറ്റായ വാര്‍ത്തകളാണ് പ്രചരിക്കുന്നത് എന്നും, അത്തരമൊരു തീരുമാനം മുന്‍പിലില്ലെന്നും ന്യൂസിലാന്റ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.
ഐ.പി.എല്ലിനായി ബി.സി.സി.ഐയുമായി യാതൊരു ചര്‍ച്ചകളും നടന്നിട്ടില്ലെന്നും ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിന്റെ വക്താവ് റിച്ചാര്‍ഡ് ബൂക്‌സ് പറഞ്ഞു.
‘ഇന്ത്യയില്‍ നടക്കുന്ന പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ന്യൂസിലാന്‍ഡില്‍ നടത്തുക എന്നത് തികച്ചും അപ്രായോഗികമാണ്. മാത്രമല്ല തങ്ങള്‍ മുന്‍കൂട്ടി അനുമതി നല്‍കിയിരിക്കുന്ന പരമ്പരകള്‍ക്കും അത്തരം തീരുമാനം തടസ്സമാകും. ഇതുവരെ അത്തരം ഒരു കാര്യവും ചിന്തിച്ചില്ല.’ റിച്ചാര്‍ഡ് ബൂക്‌സ് പറഞ്ഞു.
യുഎഇക്കും ശ്രീലങ്കക്കും പിന്നാലെ ന്യൂസിലാന്‍ഡും ഐപിഎല്ലിന് വേദിയൊരുക്കാന്‍ സന്നദ്ധത അറിയിച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെയാണ് ബി.സി.സി.ഐയുടെ പേരില്‍ വന്ന പ്രസ്താവനയോട് വിയോജിപ്പ് പ്രകടിപ്പിച്ച് ബൂക്‌സ് രംഗത്തുവന്നത്.
സെപ്തംബര്‍ – ഒക്ടോബര്‍ മാസമാണ് ഐപിഎല്ലിനായി ബിസിസിഐ പരിഗണിക്കുന്നത്. ഇന്ത്യയില്‍ തന്നെ ഐപിഎല്‍ നടത്താന്‍ ശ്രമിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ഐപിഎല്‍ ഇന്ത്യയില്‍ നടക്കുന്നതിന് സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.