കൊൽക്കത്ത: 2020 സെപ്റ്റംബറിൽ യു.എ.ഇയിൽ നടക്കേണ്ടിയിരുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് മാറ്റിവെച്ചതായി ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ഔദ്യോഗികമായി അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് 2021 ജൂണിലേക്കാണ് ടൂർണമെന്റ് മാറ്റിവെച്ചത്.
യാത്രാ നിയന്ത്രണങ്ങളും നിർബന്ധിത ക്വാറന്റെയ്ൻ വേണമെന്നതും കളിക്കാരുടെ സുരക്ഷയും കണക്കിലെടുത്താണ് ടൂർണമെന്റ് നീട്ടിവെച്ചതെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഏഷ്യാ കപ്പ് റദ്ദാക്കിയതായി നേരത്തെ ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനെതിരേ പാക് ക്രിക്കറ്റ് ബോർഡ് രംഗത്തുവന്നിരുന്നു. ഗാംഗുലിയല്ല അതു തീരുമാനിക്കേണ്ടതെന്നും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലാണ് ടൂർണമെന്റ് മാറ്റിവെച്ച കാര്യം പ്രഖ്യാപിക്കേണ്ടതെന്നുമായിരുന്നു പാക് ക്രിക്കറ്റ് ബോർഡിന്റെ മീഡിയ ഡയറക്ടർ സാമിയുൽ ഹസൻ ബേണി പ്രതികരിച്ചിരുന്നു.
ഈ വര്‍ഷം പാക്കിസ്ഥാനായിരുന്നു ഏഷ്യാ കപ്പിന് ആതിഥ്യം വഹിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇന്ത്യയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ടൂര്‍ണമെന്റ് നിഷ്പക്ഷ വേദിയായ യുഎഇയിലേക്ക് മാറ്റുകയായിരുന്നു.