തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പൂന്തുറയില്‍ സ്ഥിതി അതീവഗുരുതരം. പൂന്തുറയില്‍ സൂപ്പര്‍ സ്പ്രെഡ് ആണ് ഉണ്ടായിരിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ഇന്ന് മാത്രം 55 പേര്‍ക്കാണ് മേഖലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ അഞ്ചു ദിവസങ്ങളില്‍ പൂന്തുറയില്‍നിന്ന് ശേഖരിച്ച 600 സാമ്പിളുകളില്‍ 119 പേര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ രോഗം സ്ഥിരീകരിച്ച ഒരാളില്‍ നിന്നാണ് രോഗം വ്യാപിച്ചതെന്നാണ് നിഗമനം. ഈ പ്രദേശങ്ങളില്‍ ലോക്ക് ഡൗണ്‍ കര്‍ശനമാക്കിയതായി മന്ത്രി പറഞ്ഞു.
മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണു കോവിഡ് പടര്‍ന്നുപിടിക്കുന്നത്. അസാധാരണമായ ക്ലസ്റ്റര്‍ ഈ പ്രദേശത്ത് രൂപപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. രോഗം അതിവേഗം പടര്‍ന്ന് പിടിക്കുന്ന സ്ഥിതിവിശേഷമാണുള്ളത്. എല്ലാതരം പ്രായപരിധിയിലും പെട്ട ആളുകളിലേക്ക് രോഗബാധ ഉണ്ടായിട്ടുണ്ടെന്നും കണ്ടെത്തി.
പൂന്തുറയില്‍ കോവിഡ് വ്യാപനം തടയാന്‍ കര്‍ശനമായ രീതിയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പാക്കാനാണു നിര്‍ദേശം. ഇവിടെ സ്പെഷല്‍ ഡ്യൂട്ടിക്കായി എസ്എപി കമന്‍ഡാന്റ് ഇന്‍ ചാര്‍ജ് എല്‍. സോളമന്റെ നേതൃത്വത്തില്‍ 25 കമാന്‍ഡോകളെ നിയോഗിച്ചു.
പൂന്തുറ ഭാഗത്തുനിന്ന് തമിഴ്നാട്ടിലേയ്ക്കും തിരിച്ചും മത്സ്യബന്ധനത്തിനായി ബോട്ടുകളും വള്ളങ്ങളും പോകുന്നത് തടയാന്‍ കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ സെക്യൂരിറ്റി, മറൈന്‍ എന്‍ഫോഴ്സ്മെന്റ് എന്നിവയ്ക്ക് നിര്‍ദ്ദേശം നല്കിയിട്ടുള്ളതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
പുറത്തുനിന്ന് ആളുകള്‍ പൂന്തുറയിലേക്ക് എത്തുന്നത് കര്‍ക്കശമായി തടയും. അതിര്‍ത്തികള്‍ അടച്ചിടും. പ്രദേശത്തെ ജനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കും. കൂടുതല്‍ ആളുകള്‍ക്കു പരിശോധന നടത്തും. സാമൂഹിക അകലം പാലിക്കുന്നതുള്‍പ്പെടെയുള്ള ബോധവത്കരണം നടത്തുന്നതിനു സാമുദായിക നേതാക്കന്മാര് ഉള്‍പ്പെടെയുള്ളവരുടെ സഹായം തേടുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
എല്ലാ പ്രധാനപ്പെട്ട റോഡുകളും ഇടറോഡുകളും തെരുവുകളും അണുനശീകരണം നടത്തും. പത്താം തീയ്യതി ഈ മേഖലകളിലെ മുഴുവന്‍ വീടുകളിലും അണുനശീകരണം നടത്തും. ഇതിനാവശ്യമുള്ള സൊലൂഷ്യന്‍ ഉണ്ടാക്കാനുള്ള ബ്ലീച്ചിങ് പൗഡര്‍ ആവശ്യമെങ്കില്‍ തിരുവനന്തപുരം നഗരസഭ വിതരണം ചെയ്യും. ഒരു ലിറ്റര്‍ വെള്ളത്തില്‍ ആറ് സ്പൂണ്‍ ബ്ലീച്ചിങ് പൗഡര്‍ ചേര്‍ത്ത് 20 മിനുട്ട് വെച്ചിരുന്നാല്‍ അണുനശീകരണലായനിയായും. ഇതുപയോഗിച്ച് വീടും വീട്ടുപകരണങ്ങളും പരിസരവും ശുചിയാക്കണം.
മാസ്‌കിന്റേയും സാനിറ്റൈസറിന്റേയും ലഭ്യതക്കുറവ് പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. കോര്‍പ്പറേന്‍ കൗണ്‍സിലര്‍മാരിലൂടെ ഇവ വിതരണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.















