എംഎൽസി തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിൽ കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാല് വലിയ സംസ്ഥാനങ്ങളിലെ 28 സീറ്റുകളിലേക്കുള്ള എംഎൽസി തിരഞ്ഞെടുപ്പ് നടന്നു. ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസ് എത്ര സീറ്റുകൾ നേടിയെന്ന് ഊഹിക്കാമോ എന്ന് മോദിയുടെ ചോദ്യം. കർണാടകയിൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒരു സീറ്റ് പോലും നേടാനായില്ല. അതേസമയം ഉത്തർപ്രദേശിൽ ബിജെപി അഞ്ച് ഇടത്ത് ജയിച്ചു. ഭാവിയിൽ നടക്കുന്ന എല്ലാ തിരഞ്ഞെടുപ്പുകളും ഇവിഎമ്മുകൾക്ക് പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് നടത്തണമെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബാലറ്റ് പേപ്പർ ഉപയോഗിച്ച് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്.
കർണാടകയിൽ ബിജെപി മൂന്ന് സീറ്റുകളും അവരുടെ സഖ്യകക്ഷിയായ ജനതാദൾ (സെക്യുലർ) ഒരു സീറ്റും നേടിയത് ഭരണകക്ഷിയായ കോൺഗ്രസിന് തിരിച്ചടിയായി. കർണാടക, ഉത്തർപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിൽ, മത്സരിച്ച 28 സീറ്റുകളിൽ ഒന്നുപോലും നേടാൻ കോൺഗ്രസിന് സാധിച്ചില്ല. നേരത്തെ കൈവശമുണ്ടായിരുന്ന നാല് സീറ്റുകൾ ഉൾപ്പെടെ ആകെ 12 സീറ്റുകളിലാണ് പാർട്ടി മത്സരിച്ചത്. ബാലറ്റ് പേപ്പർ ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനുണ്ടായ മോശം പ്രകടനം, ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾക്കെതിരായ അവരുടെ ആരോപണങ്ങളുടെ മുനയൊടിക്കുന്നതാണെന്ന് ബിജെപി നേതാവ് സുധാൻഷു ത്രിവേദി വിമർശിച്ചു.















