തിരുവനന്തപുരം: സംസ്ഥാനത്ത് സാനിറ്റൈസര്‍ വില്ക്കാന് ലൈസന്‍സ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍. ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്സ് ആക്ടിലെ സെക്ഷന്‍ 3 (ബി) പ്രകാരം ഹാന്‍ഡ് സാനിറ്റൈസറുകള്‍ മരുന്നിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടും. അതിനാല്‍ അലോപ്പതി മരുന്നുത്പാദന ലൈസന്‍സോടെ നിര്‍മിക്കുന്ന ഹാന്‍ഡ് സാനിറ്റൈസറുകള്‍ വില്ക്കുന്നതിനു വില്‍പ്പന ലൈസന്‍സുകള്‍ വേണമെന്നും ഡ്രഗ്സ് കണ്ട്രോളര് അറിയിച്ചു.
നിലവില്‍ ലൈസന്‍സുകളുളള മരുന്നു വ്യാപാര സ്ഥാപനങ്ങളൊഴികെയുളള മൊത്ത/ചില്ലറ വ്യാപാര സ്ഥാപനങ്ങള്‍ ഹാന്‍ഡ് സാനിറ്റൈസറുകള്‍ വിതരണവും വില്പനയും നടത്തുന്നതിനു ലൈസന്‍സ് എടുക്കണം. ലൈസന്‍സില്ലാതെ വില്‍പ്പന നടത്തുന്നത് ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് ആക്ട് 1940-ലെ വ്യവസ്ഥകള്‍ക്കു വിരുദ്ധവും കുറ്റകരവും, ശിക്ഷാര്‍ഹവുമാണ്.
മരുന്നു മൊത്തവ്യാപാര സ്ഥാപനങ്ങള്‍, ഫാറം 20എ/20ബി/20 ലൈസന്‍സുകളുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്കു മാത്രമേ ഹാന്‍ഡ് സാനിറ്റൈസറുകള്‍ വില്‍ക്കാവൂ.
ആയുര്‍വേദ ലൈസന്‍സിന്റെ കീഴില്‍ ഉത്പാദിപ്പിക്കുന്ന ഹാന്‍ഡ് സാനിറ്റൈസറുകള്‍ക്ക് ഈ നിബന്ധനകള്‍ ബാധകമല്ല. കോസ്മെറ്റിക് ഉല്‍പ്പാദന ലൈസന്‍സ് പ്രകാരം നിര്‍മിച്ച് വിതരണം/വില്‍പ്പന ചെയ്യുന്ന ഹാന്‍ഡ് സാനിറ്റൈസറുകള്‍ സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് കണ്ട്രോളര് അറിയിച്ചു.