കേരളത്തിൽ ഇടതുപാർട്ടികൾ എന്നവകാശപ്പെടുന്ന ചില പ്രത്യേക നിലപാടുള്ള പാർട്ടികളുണ്ട്. കേരളത്തിലെ ഐക്യ ജനാധിപത്യ മുന്നണിയുടെ ഘടകകക്ഷികളാണ് അവർ. എന്നാൽ ദേശീയതലത്തിലാവട്ടെ ഇടതുമുന്നണിയുടെ ഭാഗവും. അത്തരത്തിലുള്ള രണ്ട് പാർട്ടികളാണ് യുഡിഎഫിൻ്റെ സഖ്യകക്ഷിയൊ ആർഎസ്പിയും ഫോർവേഡ് ബ്ലോക്കും. നിലവിൽ കേരളത്തിൽ മാത്രമാണ് അവർ ഇടതു മുന്നണിയെ തളളിപ്പറയുന്നത്. അതിന് കാരണം ആശയമല്ല ആമാശയം തന്നെ കാരണം.
രണ്ട് പാർട്ടികളും എൽഡിഎഫിൽ നിന്നും സീറ്റ് ലഭിക്കാത്തതുകൊണ്ട് പാർട്ടി വിട്ടവരാണ്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ സമയത്ത് കൊല്ലം സീറ്റ് ആവശ്യപ്പെട്ടാണ് ആർഎസ്പി മുന്നണി വിടുന്നത്. ഫോർവേഡ് ബ്ലോക്കാവട്ടെ ഒരു പഞ്ചായത്ത് മെമ്പർ പോലുമില്ലാത്ത പാർട്ടിക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകിയില്ലെന്ന പരിഭവത്തിലാണ് പാർട്ടി വിട്ടത്. രണ്ട് പാർട്ടികളുടേയും കേരളത്തിലെ പ്രഖ്യാപിത ശത്രു സിപിഎമ്മാണ്. നിയമ സാഭയിൽ തുടർച്ചയായ രണ്ട് തവണയും വട്ടപൂജ്യമായി ആർഎസ്പി നീണ്ടകര പാലം മുതൽ ചവറ പാലം വരെ മാത്രം കാണുന്ന ഒരു പ്രതിഭാസമായി ഒതുങ്ങിയെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ അംഗങ്ങളുണ്ട് എന്നതാണ് ഫോർവേഡ് ബ്ലോക്കിൽ നിന്നും അവരെ വ്യത്യസ്തമാക്കുന്നത്.
കഴിഞ്ഞ ദിവസം കൊല്ലത്ത് യുഡിഎഫ് ടിക്കറ്റിൽ മത്സരിക്കുന്ന ആർഎസ്പി നോതാവ് എൻ.കെ.പ്രമചന്ദ്രൻ തൻ്റെ നിലപാട് പര്യസ്യമാക്കിയിരുന്നു. കൊല്ലത്തെ എതിർ സ്ഥാനാർത്ഥി എം മുകേഷിനോടല്ല തൻ്റെ മത്സരം. മുകേഷിനോട് ഒരു വിരോധവുമില്ല. താൻ എതിർക്കുന്നത് ഇടതു മുന്നണിയേയും വിശേഷിച്ച് സിപിഎമ്മിനെയും പിണറായി വിജയനേയുമാണ്. എന്നാൽ ബിജെപി തൻ്റെ എതിരാളിയാണെന്നോ എതിർക്കുമെന്നോ കൊല്ലത്തെ യുഡിഎഫിൻ്റെ മതേതര സ്ഥാനാർത്ഥി കമാന്ന് ഒരക്ഷരം മിണ്ടിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. കൊല്ലത്ത് ബിജെപി ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. പ്രധാനമന്ത്രിയുമായി ചായയും വടയും ഒക്കെ സ്ഥിതിക്ക് ഇനി തനിക്ക് ബിജെപിക്ക് പിന്തുണ നൽകുമെന്ന പ്രതീക്ഷയിലാണോ പ്രേമചന്ദ്രൻ അവരെപ്പറ്റി മിണ്ടാത്തത് എന്ന് ഒരു കരക്കമ്പിയും മണ്ഡലത്തിൽ പ്രചരിക്കുന്നുണ്ട്.
പ്രേമചന്ദ്രൻ്റെ ഈ നിലപാട് ആർഎസ്പി ദേശീയ ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ അംഗീകരിക്കുമോ എന്നതാണ് മറ്റൊരു സംശയം. കാരണം കേരളത്തിലും സിപിഎമ്മിൻ്റെ ജനറൽ സെക്രട്ടറിയാണ് സീതാറാം യെച്ചൂരി തന്നെയാണല്ലോ എന്നതാണ് അതിന് കാരണം. ഇത് ലോക്സഭാ തെരഞ്ഞെടുപ്പാണ്, നിയമസഭാ തെരഞ്ഞെടുപ്പായിരുന്നെങ്കിൽ പ്രാദേശികമായ നിലപാട് എന്നൊക്കെ പറഞ്ഞ് ന്യായീകരിക്കാമായിരുന്നു. എന്നാൽ നിലവിൽ അതല്ല സാഹചര്യം. സിപിഎമ്മിനെ എതിർക്കുന്നു എന്ന് പറഞ്ഞാൽ അഖിലേന്ത്യാ അടിസ്ഥാനത്തിൽ സിപിഎമ്മിനും എൽഡിഎഫിനും എതിരാണ് എന്നാണർത്ഥം.
ബംഗാളിൽ ആർഎസ്പിയും ഫോർവേഡ് ബ്ലോക്കും ഇടത് മുന്നണിയുടെ ഘടകകക്ഷിയാണ്. കേരളത്തിന് പുറത്ത് ആർഎസ്പി മത്സരിക്കുന്ന മറ്റൊ സീറ്റും ബംഗാളിലാണ്. രണ്ട് സീറ്റുകളിലാണ് അവിടെ ഇടതു മുന്നണിയുടെ ഭാഗമായി സാധാരണ പാർട്ടി മത്സരിക്കാറുള്ളത്.
ഇത്തവണയും ഇടത് മുന്നണി വംഗനാട്ടിൽ കോൺഗ്രസുമായി ധാരണയായിട്ടില്ല. ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നിലവിൽ. കോൺഗ്രസ് സമ്മതിച്ചാൽ സഖ്യമാകാം എന്നാണ് നിലപാട്. സമ്മതിച്ചില്ലെങ്കിൽ ഒറ്റയ്ക്ക് അങ്കത്തിനിറങ്ങാനാണ് തീരുമാനം. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച 16 സീറ്റുകളിൽ ഒന്നിൽ ആർഎസ്പിയാണ് മത്സരിക്കുന്നത്. അവിടുത്തെ സ്ഥാനാർത്ഥിക്ക് എന്തായാലും പ്രേമചന്ദ്രൻ്റെ നിലപാട് അല്ല എന്നുറപ്പാണ്. അവർക്ക് ബിജെപിക്കെതിരെയുള്ള ഇടത് മുന്നണിയുടെ ദേശീയ ഐക്കൺ തന്നെയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ എന്നതാണ് മറ്റൊരു വസ്തുത.
ഇനി കേരളത്തിൽ പഞ്ചായത്ത് മെംബർ പോലുമില്ലെങ്കിലും ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറിയും യുഡിഎഫ് ഉന്നതാധികാര സമിതി അംഗവുമായ ജി.ദേവരാജനിൽ നിന്നും ചിലത് പഠിക്കാനുണ്ട്. എൽഡിഎഫിൽ മത്സരിക്കാൻ ഒരു സീറ്റ് മാത്രമായിരുന്നു ഫോർവേഡ് ബ്ലോക്ക് 2016ലെ തെരഞ്ഞെടുപ്പിൽ ആവശ്യപ്പെട്ടത്. 35 വർഷം മുന്നണിയുമായി സഹകരണം തുടരുന്നു. ജയ സാധ്യതയില്ലാത്ത സീറ്റെങ്കിലും മതി എന്നതായിരുന്നു ആവശ്യം. സംസ്ഥാന രാഷ്ട്രീയത്തിൽ അത് വഴി സാന്നിധ്യമറിയിക്കുക എന്നതായിരുന്നു അത് വഴി ലക്ഷ്യം വച്ചിരുന്നത്. അത് നിരസിച്ചതോടെയാണ് പാർട്ടി മുന്നണി സഹകരണം അവസാനിപ്പിച്ചത്.
ഫോർവേഡ് ബ്ലോക്കിനെ യുഡിഎഫ് ഇരുകയ്യും നീണ്ടി സ്വീകരിച്ചു. ഒരു പഞ്ചായത്ത് അംഗംപോലുമില്ലാത്ത പാർട്ടിക്ക് അർഹിക്കുന്നതിലും കൂടുതൽ പ്രാതിനിധ്യം നൽകി. 2021 ൽ ഒരു നിയമസഭാ സീറ്റ് ഉൾപ്പെടെ കോൺഗ്രസ് നൽകി. ആ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ സീറ്റായ ധർമ്മടമാണ് യുഡിഎഫ് ദേവരാജനും പാർട്ടിക്കും നൽകിയത്.
എന്നാൽ സിപിഎം പിബി അംഗത്തിനെതിരെ മറ്റൊരു ഇടത് പാർട്ടിയുടെ ദേശീയ സെക്രട്ടറിയായ താനോ പാർട്ടിയോ മത്സരിക്കുന്നത് ഉചിതമല്ലെന്ന് ചൂണ്ടിക്കാട്ടി ഫോർവേഡ് ബ്ലോക്ക് ആ സീറ്റ് നിരസിക്കുകയാണുണ്ടായത്. ദേശീയ തലത്തിൽ തങ്ങൾ ഇടതുമുന്നണിയുടെ ഭാഗമാണ്. സിപിഎമ്മുമായി ചേർന്നാണ് ഞങ്ങൾ ബിജെപിക്കെതിരെ പ്രതിരോധം തീർക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ചാൽ അത് വർഗീയതക്കെതിരായ തങ്ങളുടെ പോരാട്ടത്തെ ബാധിക്കുമെന്നാണ് കേരളത്തിൽ യുഡിഎഫിൻ്റെ ഭാഗമായ ഫോർവേഡ് ബ്ലോക്കിൻ്റെ നേതാവ് പറഞ്ഞത്.
ദേശീയ തലത്തിലെ ശത്രുവരാണ് എന്ന് കേരളത്തിൽ ഉറച്ച് പറയാൻ കഴിയാത്ത പ്രേമചന്ദ്രൻ്റെ അവസ്ഥയാണ് ഇവിടെ ഇത് സൂചിപ്പിക്കാൻ കാരണം. ദേവരാജനുണ്ടായ ആ വകതിരിവ് പ്രേമചന്ദ്രനില്ല എന്നതാണ് അദ്ദേഹത്തിൻ്റെ വാക്കുകൾ തന്നെ സൂചിപ്പിക്കുന്നത്. സിപിഎമ്മിനെയും പിണറായി വിജയനെയും ശത്രുവായി പ്രഖ്യാപിക്കുന്നതാണോ ആർഎസ്പിയുടെ അഖിലേന്ത്യാ തലത്തിലുള്ള ഔദ്യോഗിക നിലപാട് എന്ന സംശയമാണുയരുന്നത്. ബിജെപി പ്രേമചന്ദ്രനും ആർഎസ്പിക്കും ആരാണ് എന്ന ചോദ്യവും ഒപ്പം ഉയരുന്നു. ജയിച്ച് ലോക്സഭയിലെത്തിയ ശേഷം പോരാടുന്നതും നിലകൊള്ളുന്നതും എന്തിനാണ് എന്നതും കൊല്ലം എംപി അധികം വൈകാതെ വിശദീകരിക്കും എന്ന് പ്രതീക്ഷിക്കാം.