ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തു നിൽക്കെ വീണ്ടും ഡൽഹി മദ്യനയക്കേസ് വീണ്ടും ചർച്ചയാവുകയാണ്. ഡൽഹി ഉപമുഖ്യമന്ത്രിയും എക്സൈസ് വകുപ്പ് മന്ത്രിയുമായ മനിഷ് സിസോദിയക്ക് ശേഷം മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും അറസ്റ്റിലായിരിക്കുകയാണ്.
സിബിഐ അന്വേഷിക്കുന്ന രണ്ട് കേസുകളും ഇഡി അന്വേഷിക്കുന്ന കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട ഒരു കേസുമാണ് ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട് നിലവിലുള്ളത്. മദ്യവില്‍പ്പനയ്ക്ക് ലൈസൻസ് നല്‍കിയതില്‍ കോടികളുടെ അഴിമതി നടന്നതായാണ് പ്രധാന ആരോപണം. എന്നാൽ ഇതു വരെ കേന്ദ്ര ഏജൻസികൾ നടത്തിയ അന്വേഷണത്തിലും പരിശോധകളിലും ഒരു രൂപ പോലും കണ്ടെത്താനായിട്ടില്ല. തെളിവുകൾ ഉണ്ടെന്ന് പറയുമ്പോഴും അത് എന്താണെന്ന് കേന്ദ്ര ഏജൻസികൾക്കല്ലാതെ മറ്റാർക്കും അറിയില്ല എന്നതാണ് മറ്റൊരു വസ്തുത.
പുതിയ മദ്യനയത്തിലെ നയ രൂപീകരണ നടപടിക്രമങ്ങളിലെ പിഴവുകൾ ചൂണ്ടിക്കാട്ടി ഡൽഹി ചീഫ് സെക്രട്ടറി നരേഷ് കുമാർ, 2022 ജൂലൈയിൽ ലെഫ്റ്റനൻ്റ് ഗവർണർ വികെ സക്‌സേനയ്ക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് കേസ് ഉയരുന്നത്. കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന അന്നത്തെ എക്‌സൈസ് മന്ത്രിയായിരുന്ന ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എടുത്ത ഏകപക്ഷീയ തീരുമാനങ്ങൾ സർക്കാരിന് 580 കോടിയിലധികം രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന് റിപ്പോർട്ട്.
ഒരാഴ്ച മുമ്പ്തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിൻ്റെ മകളും ബിആർഎസ് നേതാവുമായ കെ കവിത സൗത്ത് ഗ്രൂപ്പിൻ്റെ ഭാഗമാണെന്നും, അരവിന്ദ് കേജരിവാളും, സിസോദിയയുമായും ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തിരുന്നു. ഓംഗോൾ എംപി മഗുണ്ട ശ്രീനിവാസുലു റെഡ്ഡിയുടെ മകൻ രാഘവ് മഗുണ്ട, അരബിന്ദോ ഫാർമ ഡയറക്ടർ പി. ശരത് ചന്ദ്ര റെഡ്ഡി, ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാഗമാണെന്ന് ആരോപിക്കുന്നു. ശരത്ചന്ദ്ര റെഡ്ഡി കേസിൽ 2023 ൽ മാപ്പുസാക്ഷിയായിരുന്നു. മാപ്പുസാക്ഷികളെ ഉപയോഗിച്ച് കേജരിവാളിനെയും പാർട്ടി ഉന്നത നേതാക്കളെയും കുടുക്കാൻ ശ്രമിക്കുകയാണ് എന്നാണ് ആം ആദ്മി പാർട്ടിയുടെ ആരോപണം.
ഡൽഹി മദ്യനയം നയം 2021
ഡൽഹിയിലെ എഎഎപി സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക കമ്മിറ്റിയാണ് 2021-22 എക്സൈസ് നയം ഉണ്ടാക്കിയത്. 9,500 കോടി രൂപയുടെ വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് റീട്ടെയിൽ മദ്യമേഖലയിലെ പുതിയ പരിഷ്‌കാരമെന്നാണ് ഇതിനെ ദില്ലിയിലെ ഭരണകക്ഷിയായ ആംആദ്മി പാര്‍ട്ടി വിശേഷിപ്പിച്ചത്.
പുതിയ മദ്യനയത്തിനെ തുടർന്ന് ചില്ലറ മദ്യവിൽപ്പന മേഖലയിൽ നിന്ന് ഡൽഹി സര്‍ക്കാര്‍ പിന്‍മാറുകയും. ഇത് സ്വകാര്യ മേഖലയ്ക്ക് കൈമാറുകയുമാണ് ഉണ്ടായത്. ആദ്യമായി സർക്കാർ ഉടമസ്ഥതയിലുള്ള എല്ലാ മദ്യശാലകളും പൂട്ടുകയും. ചില്ല മദ്യവില്‍പ്പന പൂർണ്ണമായും സ്വകാര്യ കമ്പനികൾക്ക് കൈമാറുമെന്നുമാണ് കഴിഞ്ഞ നവംബറില്‍ ഡൽഹി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തത്.
2021 ഫെബ്രുവരി 5-ന് രൂപീകരിച്ച സര്‍ക്കാറിന്‍റെ മന്ത്രിതല സംഘം ഈ നയം പരിശോധിച്ചു. അതിന്‍റെ കരട് ഈ മന്ത്രിതല സംഘം അംഗീകരിച്ചു, 2021 മാർച്ച് 22-ന് ദില്ലി മന്ത്രി സഭ ഇത് അംഗീകരിച്ചു. നയത്തിന്റെ അന്തിമ കരട് കഴിഞ്ഞ വർഷം മെയ് 24 ന് ഡൽഹി ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ അനിൽ ബൈജാലിന്റെ അംഗീകാരത്തിനായി സമർപ്പിച്ചു. ഡൽഹി ഡെവലപ്‌മെന്റ് അതോറിറ്റിയുടെയും (ഡിഡിഎ) ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെയും (എംസിഡി) അനുമതിക്ക് ശേഷം മാത്രമേ പ്രദേശങ്ങളിലെ മദ്യശാലകൾ തുറക്കാൻ കഴിയൂ എന്ന വ്യവസ്ഥയോടെ 2021 നവംബർ 15-ന് ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ ഇത് അംഗീകരിച്ചു.
“പുതിയ എക്‌സൈസ് നയം പ്രകാരം, ഡൽഹിയിലുടനീളം അനധികൃത പ്രദേശങ്ങളിൽ ഉൾപ്പെടെ 849 കടകൾ തുറക്കേണ്ടതായിരുന്നു. ഈ നിർദ്ദേശത്തെ ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ എതിർക്കാതെ അംഗീകരിച്ചു,” സിസോദിയയെ ഉദ്ധരിച്ച് അന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.
എന്നാൽ സിസോദിയയുടെ അഭിപ്രായത്തിൽ, ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ തന്റെ നിലപാട് മാറ്റി, അനധികൃത സ്ഥലങ്ങളിൽ മദ്യശാലകൾ തുറക്കുന്നതിന് ഡിഡിഎയുടെയും എംസിഡിയുടെയും അനുമതി ആവശ്യമാണെന്ന് വ്യവസ്ഥ അവതരിപ്പിച്ചു. “എൽജിയുടെ ഈ നിലപാട് മാറ്റത്തിന്റെ ഫലമായി, അനധികൃത സ്ഥലങ്ങളിൽ കടകൾ തുറക്കാൻ കഴിഞ്ഞില്ല, ഇത് സർക്കാരിന് ആയിരക്കണക്കിന് കോടിയുടെ വരുമാന നഷ്ടമുണ്ടാക്കുന്നു, മറുവശത്ത്, തുറന്ന കടകളിൽ വൻ വരുമാനം ലഭിച്ചു” അദ്ദേഹം അന്ന് കൂട്ടിച്ചേർത്തു.
ബിജെപിയും കോൺഗ്രസും നയത്തെ എതിർക്കുകയും പദ്ധതിയെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര ഏജൻസികളെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ജൂണ്‍മാസത്തോടെ പുതിയ മദ്യനയം ലൈസന്‍സികള്‍ക്കു വന്‍ ലാഭമുണ്ടാക്കുന്നതും ഖജനാവിനു വലിയ നഷ്ടം വരുത്തിവച്ചുവെന്ന രീതിയില്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.പിന്നാലെ ലഫ്റ്റനന്റ് ഗവർണർ വികെ സക്‌സേനയുടെ ഓഫീസിൽ നിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വഴി അയച്ച പരാമർശത്തിന്റെ അടിസ്ഥാനത്തില്‍ സിബിഐ പരിശോധന ആരംഭിച്ചു. ഈ കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇതേ സമയം ജൂലൈ 30ന് പുതിയ മദ്യനയം ദില്ലി സര്‍ക്കാര്‍ പിന്‍വലിച്ചു. ആറു മാസത്തേക്കു പഴയ മദ്യ നയം തന്നെ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം എന്നാണ് പറഞ്ഞത്. ഇതോടെ പ്രതിപക്ഷം അടക്കം പ്രതിഷേധം ശക്തമാക്കി. സിബിഐയും പിടിമുറുക്കി. എന്നാല്‍ രാജ്യത്തെ ഏറ്റവും മികച്ച മദ്യ നയമാണ് നടപ്പാക്കിയതെന്നും ഒരഴിമതിയും നടത്തിയിട്ടില്ലെന്നുമാണ് സിസോദിയ ആവർത്തിക്കുന്നത്. കടയുടമകളെ കേന്ദ്ര ഏജന്‍സികളെ കാണിച്ച് വിരട്ടി, ഗവർണറുമായി ഗൂഢാലോചന നടത്തിയാണ് മദ്യ നയത്തെ തകർത്തതെന്നും സിസോദിയ വ്യക്തമാക്കിയിരുന്നു.
ഡൽഹി മദ്യനയ കേസ് നാൾവഴികൾ
- 22 മാർച്ച് 2021- അന്നത്തെ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പുതിയ മദ്യനയം പ്രഖ്യാപിച്ചു. ഇതോടെ മാഫിയ ഭരണം അവസാനിക്കുമെന്നും സർക്കാർ ഖജനാവ് ശക്തിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അതുവരെ ഡൽഹിയിലെ മദ്യശാലകളിൽ 60 ശതമാനം സർക്കാരും 40 ശതമാനം സ്വകാര്യവുമായിരുന്നു.
- 17 നവംബർ 2021- ഡൽഹി സർക്കാർ പുതിയ മദ്യനയം 2021-22 നടപ്പാക്കി. ഇതുമൂലം മദ്യവിൽപ്പനയിൽ നിന്ന് സർക്കാർ പുറത്തുവരികയും മദ്യശാലകളെല്ലാം നൂറുശതമാനം സ്വകാര്യവൽക്കരിക്കുകയും ചെയ്തു. ഡൽഹിയെ 32 സോണുകളായി തിരിച്ചിട്ടുണ്ട്. ഓരോ സോണിലും 27 മദ്യശാലകൾ തുറക്കാൻ അനുമതി നൽകി.
- 8 ജൂലൈ 2022- പുതിയ മദ്യനയത്തിലെ ക്രമക്കേടുകളെ കുറിച്ച് ഡൽഹി ചീഫ് സെക്രട്ടറി നരേഷ് കുമാർ ആശങ്ക പ്രകടിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് അദ്ദേഹം എൽജി വികെ സക്‌സേനയ്ക്ക് അയച്ചു. ഇതിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മദ്യക്കച്ചവടക്കാർക്ക് അനർഹമായ ആനുകൂല്യങ്ങൾ നൽകിയെന്ന് ആരോപിച്ചിരുന്നു. ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ സിബിഐ അന്വേഷണം വേണമെന്ന് എൽജി ആവശ്യപ്പെട്ടു.
- 28 ജൂലൈ 2022- വർദ്ധിച്ചുവരുന്ന വിവാദങ്ങൾ കണ്ട് ഡൽഹി സർക്കാർ പുതിയ മദ്യനയം റദ്ദാക്കുകയും പഴയ നയം വീണ്ടും നടപ്പിലാക്കുകയും ചെയ്തു.
- 17 ഓഗസ്റ്റ് 2022- സിബിഐ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇതിൽ മനീഷ് സിസോദിയ, മൂന്ന് വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർ, 9 വ്യവസായികൾ, 2 കമ്പനികൾ എന്നിവരെ പ്രതികളാക്കി. അഴിമതിയുമായി ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം എല്ലാവർക്കുമെതിരെ കേസെടുത്തു.
- 22 ഓഗസ്റ്റ് 2022- ഈ കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റും സിബിഐയിൽ നിന്ന് കേസിൻ്റെ വിവരങ്ങൾ ശേഖരിക്കുകയും കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
- 2022 സെപ്റ്റംബർ 12: ആം ആദ്മി പാർട്ടിയുടെ കമ്മ്യൂണിക്കേഷൻസ് മേധാവി വിജയ് നായരെ സിബിഐ അറസ്റ്റ് ചെയ്തു.
- 26 ഫെബ്രുവരി 2023- ഈ കേസിലെ ആദ്യത്തെ പ്രധാന അറസ്റ്റ് മനീഷ് സിസോദിയയുടെ രൂപത്തിലായിരുന്നു. നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. പിന്നീട് സിസോദിയയെ ഇഡിയും അറസ്റ്റ് ചെയ്തു.
- 2023 ഒക്ടോബർ 4: എഎപി നേതാവ് സഞ്ജയ് സിങ്ങിനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.
- 2 നവംബർ 2023- മദ്യനയ കേസിൽ അരവിന്ദ് കേജരിവാളിന് ഇഡി ആദ്യ സമൻസ് അയച്ചു.
- 21 ഡിസംബർ 2023- കേജരിവാളിന് രണ്ടാമത്തെ സമൻസ് അയച്ചു. കെജ്രിവാൾ ഹാജരായില്ല.
- 3 ജനുവരി2024- അരവിന്ദ് കേജരിവാളിന് ഇഡി മൂന്നാമത്തെ സമൻസ് അയച്ചു.
- 17 ജനുവരി 2024- മദ്യനയ കേസിൽ അരവിന്ദ് കേജരിവാളിന് ഇഡി നാലാമത്തെ സമൻസ് അയച്ചു.
- 2 ഫെബ്രുവരി 2024- അഞ്ചാം തവണയും ഇഡി ഡൽഹി മുഖ്യമന്ത്രിക്ക് സമൻസ് അയച്ചു.
- 2024 ഫെബ്രുവരി 22- കേജരിവാളിന് ഇഡി ആറാമത്തെ സമൻസ് അയച്ചു.
- 26 ഫെബ്രുവരി 2024- അരവിന്ദ് കെജ്രിവാളിന് ഏഴാമത്തെ സമൻസ് ലഭിച്ചു.
- 27 ഫെബ്രുവരി 2024- എട്ടാം തവണയും കെജ്രിവാളിനെ വിളിച്ചുവരുത്തി.
- 2024 മാർച്ച് 16- ഭാരത് രാഷ്ട്ര സമിതി നേതാവ് കെ കവിതയെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു.
- 17 മാർച്ച് 2024- അരവിന്ദ് കേജരിവാളിന് ഒമ്പതാമത്തെ സമൻസ് അയച്ചു.
- 21 മാർച്ച് 2024- നീണ്ട ചോദ്യം ചെയ്യലിനു ശേഷം ഇഡി കേജരിവാളിനെ അറസ്റ്റ് ചെയ്തു.